World

സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍

ലണ്ടന്‍: ഹെയ്തിയില്‍ ലൈംഗിക ആരോപണക്കേസില്‍ കുറ്റാരോപിതരായ മൂന്ന് ഉദ്യോഗസ്ഥര്‍ 2011ലെ വിചാരണയ്ക്കിടെ സാക്ഷിയെ ഭീഷണിപ്പെടുത്തിയതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള ഓക്‌സ്ഫാമിന്റെ വെളിപ്പെടുത്തല്‍. ആരോപണവിധേയരായ മൂന്നുപേര്‍ സാക്ഷിയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. പൊതുജനങ്ങളില്‍ നിന്നുണ്ടായ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ട് ഓക്‌സ്ഫാം പുറത്തുവിട്ടത്്.
പ്രശ്‌നക്കാരായ ഉദ്യോഗസ്ഥര്‍ മറ്റു സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് തടയാന്‍ കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന റിപോര്‍ട്ട് പറയുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ക്കെതിരേ ആരോപണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണം. ഹെയ്തിയില്‍ വേശ്യകളെ സംഘടിപ്പിക്കാനും താമസ സൗകര്യമൊരുക്കാനും ഓക്‌സ്ഫാമിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതായും കമ്പനിയുടെ കംപ്യൂട്ടറുകള്‍ വഴി അശ്ലീല ചിത്രങ്ങളും മറ്റും ഡൗണ്‍ലോഡ് ചെയ്തതായും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2011 ജൂലൈ 11ന് ഒരു ഇ—-മെയില്‍ സന്ദേശത്തെത്തുടര്‍ന്നാണ് ഓക്‌സ്ഫാം ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന്, ഏഴ് ഉദ്യോഗസ്ഥര്‍ ഓക്‌സ്ഫാം വിട്ടിരുന്നു. നാലുപേരെ പുറത്താക്കുകയും ഡയറക്ടര്‍ അടക്കം മൂന്നുപേരെ രാജിവയ്പ്പിക്കുകയുമായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയതിനു തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന ആരോപണം കഴിഞ്ഞ ആഴ്ച ഹെയ്തിയിലെ മുന്‍ ഓക്‌സ്ഫാം ഡയരക്ടര്‍ ഹോവര്‍മീറെന്‍ നിഷേധിച്ചിരുന്നു.
ഹെയ്തി, ഛാഡ് രാജ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഓക്‌സ്ഫാം പരാജയപ്പെട്ടെന്നു കാണിച്ച് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് പെന്നി ലോറന്‍സ് ഈയിടെ രാജിവച്ചിരുന്നു.
ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഹെയ്തിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥരാണ് സഹായങ്ങള്‍ക്കു പകരമായി ജനങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തത്.
Next Story

RELATED STORIES

Share it