സഹോദരങ്ങളെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുമളി: വീട്ടില്‍ നിന്നു കാണാതായ കുരുന്നു സഹോദരങ്ങളെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുമളി ചെങ്കര ആനക്കുഴി എസ്റ്റേറ്റ് ലയത്തില്‍ താമസക്കാരായ അനീഷ്-എസക്കിയമ്മ ദമ്പതികളുടെ മക്കളായ അഭിജിത് (8), ലക്ഷ്മി പ്രിയ (6) എന്നിവരെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കുട്ടികളെ കാണാതാകുന്നത്. ഡൈമുക്ക് ലൂഥറന്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അധ്യയനം ആരംഭിച്ചതിനെ തുടര്‍ന്ന് ഉച്ച വരെ മാത്രമേ ഇവര്‍ക്ക് ക്ലാസ് ഉണ്ടായിരുന്നുള്ളൂ. അമ്മയും അച്ഛനും തോട്ടം തൊഴിലാളികളായതിനാല്‍ ഇരുവരും പണിക്കു പോയിരിക്കുകയായിരുന്നു. അതിനാല്‍ വല്യമ്മയുടെ വീട്ടില്‍ നിന്നു ചോറുണ്ടതിനു ശേഷം കുട്ടികള്‍ പുറത്തേക്കു പോയി. വൈകീട്ട് ജോലി കഴിഞ്ഞ് മാതാപിതാക്കള്‍ എത്തിയപ്പോഴാണ് മക്കളെ തിരക്കിയത്.
വല്യമ്മയുടെ വീട്ടിലും കുട്ടികള്‍ ഇല്ലെന്നു കണ്ടതോടെ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലിസും ചേര്‍ന്ന് രാത്രി വരെ സമീപപ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാവിലെ വീണ്ടും നടത്തിയ പരിശോധനയിലാണ് ഇവരുടെ വീട്ടില്‍ നിന്നു മുന്നൂറോളം മീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ പടുതാക്കുളത്തിനു സമീപം കുട്ടികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പതിനഞ്ചടിയോളം താഴ്ചയുള്ള പടുതാക്കുളത്തില്‍ ഇറങ്ങി നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് കട്ടപ്പന ഡിവൈഎസ്പി എന്‍ സി രാജ്‌മോഹന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അയച്ചു. സംഭവത്തില്‍ ദുരൂഹതയില്ലെന്നും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിമരിച്ചതാകാമെന്നുമാണ് പോലിസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, കുട്ടികളുടേത് മുങ്ങിമരണമല്ലെന്നും ഇവര്‍ വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങള്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടില്‍ നിന്നു 400 മീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തിലെ പടുതാക്കുളത്തെ കുറിച്ച് തങ്ങള്‍ക്കു പോലും പോലും അറിയില്ലെന്നും കുട്ടികള്‍ ഇവിടെ കുളിക്കാന്‍ എത്തിയെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും മുത്തച്ഛന്‍ മോഹനന്‍ പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം, കുടുംബപ്രശ്‌നങ്ങള്‍ മൂലം കുട്ടികളുടെ മാതാപിതാക്കള്‍ ഏതാനും മാസമായി അകന്നു കഴിയുകയാണെന്നു നാട്ടുകാര്‍ പറയുന്നു. മൃതദേഹങ്ങള്‍ ഇന്നു രാവിലെ 10ന് ആനക്കുഴി പുതുവലിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും.




Next Story

RELATED STORIES

Share it