Flash News

സഹാറന്‍പൂരില്‍ വീണ്ടും ജാതി സംഘര്‍ഷം



ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ ദലിതരും രജ്പുത് വിഭാഗവും തമ്മില്‍ വീണ്ടും സംഘര്‍ഷം. സംഭവത്തില്‍ ദലിത് യുവാവ് കൊല്ലപ്പെട്ടു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. സര്‍സാവ സ്വദേശി ആശിഷ് മേഘ്‌രാജ് (25) ആണു മരിച്ചത്. എന്നാല്‍, മരണകാരണം കണ്ടെത്തിയിട്ടില്ലെന്ന് സഹാറന്‍പൂര്‍ ജില്ലാ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ബിഎല്‍ ബോധി പറഞ്ഞു. ഇതിനു പുറമേ ഒരാളെ വെടിയേറ്റ നിലയിലും രണ്ടുപേര്‍ കുത്തേറ്റും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്്.ദലിതര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി നേതാവ് മായാവതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് സംഘര്‍ഷമുണ്ടായത്.  പ്രക്ഷോഭകരുടെ ലോറി തടഞ്ഞ സവര്‍ണവിഭാഗം മാരകായുധങ്ങളുമായി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ദലിതുകള്‍ പറഞ്ഞു. രജ്പുത് വിഭാഗക്കാര്‍ ദലിതുകള്‍ക്കു നേരെ വെടിവച്ചതായും റിപോര്‍ട്ടുണ്ട്. വാഹനം തടഞ്ഞുനിര്‍ത്തി രജ്പുത്രര്‍ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ഇന്ദര്‍പാല്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. ഈ മാസം അഞ്ചിനായിരുന്നു സഹാറന്‍പൂരില്‍ ജാതിസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ദലിതരുടെ വീടുകളും വാഹനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചു ഞായറാഴ്ച ഡല്‍ഹിയില്‍ കൂറ്റന്‍ ദലിത് പ്രക്ഷോഭവും നടന്നിരുന്നു. ഇതിനുശേഷമാണ് പുതിയ അക്രമസംഭവങ്ങള്‍. മൂന്നാഴ്ചയ്ക്കിടെ ദലിതുകള്‍ക്കു സവര്‍ണര്‍ നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ 30ഓളം പേരെ അറസ്റ്റ്‌ചെയ്തു. പ്രദേശത്ത് അധിക പോലിസിനെ വിന്യസിച്ചിട്ടുണ്ട്. അതിനിടെ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ രണ്ടുമുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് എന്‍പി സിങ്, ശഹരണ്‍പൂര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അക്രമത്തില്‍ കൊല്ലപ്പെട്ട ആശിഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സര്‍ക്കാര്‍ നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, വര്‍ഗീയ ശക്തികളെ അഴിച്ചുവിട്ട് യുപിയില്‍ ബിജെപിയും ആര്‍എസ്എസും അക്രമണം അഴിച്ചുവിടുകയാണെന്നു മായാവതി ആരോപിച്ചു.
Next Story

RELATED STORIES

Share it