സഹകരണ ബാങ്കിലെ അഴിമതി: അന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

മൂവാറ്റുപുഴ: ഇടുക്കി ജില്ലയിലെ ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉടുമ്പന്‍ചോല കരുണാപുരം ബാലഗ്രാം കൊച്ചുപറമ്പില്‍ കെ എസ് സന്തോഷ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.
ബാലഗ്രാം സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ബോര്‍ഡ് അംഗങ്ങള്‍, സെക്രട്ടറി, മുന്‍ ബോര്‍ഡ് അംഗങ്ങള്‍, മുന്‍ സെക്രട്ടറി, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് ഹരജി സമര്‍പ്പിച്ചത്. ബാങ്കില്‍ വിവിധ തരത്തിലുള്ള ക്രമക്കേട്, അധികാര ദുര്‍വിനിയോഗം, നിയമാനുസൃതമായ നിഷേധം, ചുമതലകള്‍ നിര്‍വഹിക്കുന്നതിലുണ്ടായ വീഴ്ച എന്നീ ആരോപണങ്ങളെ തുടര്‍ന്ന് ഇടുക്കി ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരേ ബാങ്കിന്റെ ഉത്തരവാദപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്നും ക്രമക്കേടുകള്‍ അഴിമതി നിരോധന വകുപ്പിന്റെ പരിധിയില്‍ വരുമെന്നും ചൂണ്ടിക്കാട്ടിയാണു ഹരജിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയ റിപോര്‍ട്ടും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. ബാങ്ക് ഓഫിസ്-ഗോഡൗണ്‍ നിര്‍മാണത്തിലെ അഴിമതി, കര്‍ഷകര്‍ക്ക് നല്‍കാനുള്ള 46 ലക്ഷം രൂപയുടെ ക്രമക്കേട്, സിമന്റ് വില്‍പനയിലെ അഴിമതി തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്.
ഇടുക്കി വിഎസിബി യൂനിറ്റിനോട് ജൂലൈ രണ്ടിനകം അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണു ജഡ്ജി ബി കലാംപാഷ ഉത്തരവിട്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it