Kollam Local

സവാളയും വിറ്റ് കേരളവും കണ്ട് മടങ്ങാന്‍ പൂനെയില്‍ നിന്ന് രണ്ട് കുടുംബം



കൊട്ടിയം: പൂനായില്‍ സവാള വില കുത്തനെ ഇടിഞ്ഞതോടെ തങ്ങള്‍ കൃഷി ചെയ്ത് വിളയിച്ചെടുത്ത സവാള വില്‍ക്കുന്നതിനായി രണ്ട് കുടുംബങ്ങള്‍ സവാള കയറ്റിയ ലോറിയില്‍ കൊല്ലം ഉമയനല്ലൂരിലെത്തി. മഹാരാഷ്ട്രയിലെ ഖത്‌രജ് ഗ്രാമത്തില്‍പ്പെട്ട രണ്ട് കുടുംബങ്ങളാണ് ഞായറാഴ്ച രാവിലെ 21 ടണ്‍ സവാളയുമായി ഉമയനല്ലൂരിലെത്തിയത്. കൊല്ലത്തെ പ്രമുഖ സവാള മൊത്ത വിതരണക്കാരനും മയ്യനാട് ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ഉമയനല്ലൂര്‍ റാഫിയെ തേടിയാണ് ഇവര്‍ ഒരു ലോഡ് സവാളയുമായെത്തിയത്. പൂനയിലെ മാര്‍ക്കറ്റില്‍ നിന്നും റാഫിയുടെ മേല്‍വിലാസവും വാങ്ങിയാണ് 12 വീലുള്ള ലോറിയില്‍ ഇവര്‍ എത്തിയത്. വെക്കേഷന്‍ കാലമായതിനാല്‍ മൂന്നാം ക്ലാസ്സുകാരന്‍ മുതല്‍ ഒമ്പതാം ക്ലാസ്സ്‌കാരി വരെയുള്ള കുട്ടികളേയും ഇവര്‍ കൂടെ കൂട്ടിയിരുന്നു. സവാളയും വില്‍ക്കാം, ദൈവത്തിന്റെ സ്വന്തം നാടും കാണാമെന്ന ഉദ്ദേശമായിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്. പൂനാ മാര്‍ക്കറ്റിലെ സവാള കച്ചവടക്കാരുടെ ചൂഷണത്തെക്കുറിച്ച് നേരിട്ട് ബോധ്യപ്പെടുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ടായിരുന്നു. കഴിഞ്ഞ ചൊവാഴ്ചയാണ് എട്ടംഗ സംഘം ലോറിയില്‍ കേരളത്തിലേക്ക് തിരിച്ചത്. എണ്‍പത്തിമൂവായിരം രൂപയാണ് ലോറി വാടക. ഒരു കിലോ സവാള ഇവിടെ എത്തിയപ്പോള്‍ ലോറിവാടക അഞ്ചു രൂപയോളമായതായി ഇവര്‍ പറയുന്നു. ഒരു കിലോ സവാളക്ക് നാലു രൂപ വരെയാണ് ഇപ്പോള്‍  പൂനാ മാര്‍ക്കറ്റിലെ വില. കര്‍ഷകരുടെ കൃഷിയിടങ്ങളിലെത്തി കച്ചവടക്കാര്‍ വാങ്ങുമ്പോള്‍ ഇതില്‍ പകുതി വിലയാകും ലഭിക്കുകയെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും ജോലി കൂലി പോലും ലഭിക്കാത്ത അവസ്ഥയാണെന്നാണ് ഇവര്‍ പറയുന്നത്. സവാളക്ക് കേരളത്തില്‍ കിലോക്ക് 10 മുതല്‍ 11 വരെയാണ് മൊത്ത വില. അധികം വില കിട്ടിയില്ലെങ്കിലും ദൈവത്തിന്റെ സ്വന്തം നാട് കാണാനായ സന്തോഷത്തിലായിരുന്നു കുട്ടികള്‍. ഉമയനല്ലൂര്‍ റാഫി ഇവര്‍ കൊണ്ടുവന്ന സവാള ഞായറാഴ്ചത്തെ വിലക്ക് വാങ്ങി വില്‍പ്പന നടത്തി. പൂനെയിലെ ശിവരാജ് റോഡ് വെയ്‌സിന്റെ വലിയ ക്യാബിനുള്ള ലോറിയിലെത്തിയ കുടുംബങ്ങള്‍ സവാള വില്‍പ്പന നടത്തിയതിനൊടൊപ്പം അവധിക്കാല ടൂര്‍ നടത്തിയതിന്റെസന്തോഷത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയത്.
Next Story

RELATED STORIES

Share it