malappuram local

സര്‍വേ: ചേളാരിയിലെ സമസ്താലയം പൊളിക്കുന്ന വിധത്തില്‍ കല്ലു നാട്ടി

തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിനായുള്ള സര്‍വേനടപടികളുടെ ഭാഗമായി ഇന്നലെ തേഞ്ഞിപ്പലം, പള്ളിക്കല്‍ പഞ്ചായത്ത് മേഖലയില്‍ സര്‍വേ നടത്തി. മേലെചേളാരിയില്‍ സമസ്തയുടെ ആസ്ഥാനമന്ദിരം (സമസ്താലയം) പൂര്‍ണമായും നഷ്ടപ്പെടുന്ന രീതിയിലാണ് സര്‍വേകല്ല് നാട്ടിയത്.
ഇതിനുപുറമെ ചേളാരി ഹൈസ്‌കൂളിന്‌സമീപമുള്ള സമസ്തയുടെ മറ്റു രണ്ട്‌കെട്ടിടങ്ങളും സര്‍വേയിലുള്‍പ്പെട്ടിട്ടുണ്ട്. ചേളാരി ഹൈസ്‌കൂളിന്റെ രണ്ടുകെട്ടിടങ്ങളും പാണമ്പ്രയില്‍ വില്ലേജ്ഓഫിസും പോസ്റ്റ്ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും പാണമ്പ്ര ഇസ്സത്തുല്‍ ഇസ്്‌ലാം മദ്‌റസയുടെ രണ്ടു കെട്ടിടങ്ങളും നഷ്ടപ്പെടും. ചേളാരി ഐഒസിയുടെ മുന്‍വശവും ഭാഗികമായി സര്‍വേയില്‍ ഉള്‍പ്പെട്ടു. പാണമ്പ്ര ജുമാമസ്ജിദിന്റെ മുന്‍വശം ഏതാനും ഭാഗങ്ങളും നഷ്ടപ്പെടും.
ചേളാരിക്കും പാണമ്പ്ര വളവിനുമിടയില്‍ മൂന്നുവീടുകളാണ് പൊളിക്കേണ്ടിവരിക.ഇന്നലെ രാവിലെ ഏഴോടെ മേലെ ചേളാരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തു നിന്നാരംഭിച്ച സര്‍വേ നടപടികള്‍ ഉച്ചക്ക് ഒന്നരയോടെ പള്ളിക്കല്‍ പഞ്ചായത്തിലെ ചെട്ടിയാര്‍മാട് പെട്രോള്‍ പമ്പിന് സമീപം അവസാനിപ്പിച്ചു.ഡപ്യൂട്ടി കലക്ടര്‍ ഡോ.ജെ അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാലുടീമുകളാണ് സര്‍വെ നടത്തുന്നത്. ഇന്ന് ചെട്ടിയാര്‍മാട്മുതല്‍ ചേലേമ്പ്രയുടെ ഭാഗങ്ങള്‍വരെ സര്‍േെവ ചെയ്യും. അലൈന്‍മെന്റില്‍ പ്രതിഷേധമുള്ള ഇടിമുഴിക്കല്‍ ഭാഗങ്ങള്‍ ഇന്ന് ചര്‍ച്ചക്ക് ശേഷം തീരുമാനമനുസരിച്ച് നാളെ സര്‍വെ നടത്തുമെന്ന് ദേശീയപാത ലൈസണ്‍ ഓഫിസര്‍ പി പി എം അഷ്‌റഫ് പറഞ്ഞു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സിഐമാരും വിവിധസ്റ്റേഷനില്‍നിന്നുള്ള എസ്‌ഐമാരും ദ്രുതകര്‍മസേന ഉള്‍പ്പെടെ 150 പോലിസുകാര്‍  രംഗത്തുണ്ട്.
Next Story

RELATED STORIES

Share it