malappuram local

സര്‍വേയില്‍ പിഴവുകളെന്ന് ആരോപണം; അയ്യോട്ടിച്ചിറ പള്ളിയും നൂറിലേറെ കടകളും നഷ്ടപ്പെടും

പൊന്നാനി: ദേശീയപാത സ്ഥലമെടുപ്പ് വെളിയങ്കോട് പരിധിയില്‍ പൂര്‍ത്തിയായി.പൊന്നാനി നഗരസഭാ പരിധിയിലെ സര്‍വേ ആരംഭിച്ചു. പൊന്നാനിയില്‍ സര്‍വേ തിങ്കളാഴ്ച തുടരും.ചിലയിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ പിഴവുകള്‍ പറ്റിയതായി ആരോപണം ശക്തം.ദേശീയപാത വികസനത്തിന് മുന്നോടിയായി സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട സര്‍വേ നടപടികളാണ് ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.പൊന്നാനി താലൂക്കിലെ സര്‍വേ വ്യാഴാഴ്ച മുതല്‍ പാലപ്പെട്ടിയില്‍ നിന്നാണ് ആരംഭിച്ചത്.വെള്ളിയാഴ്ച നാലു ടീമുകളായി തിരിഞ്ഞ് പൊന്നാനിയിലും,വെളിയങ്കോടുമായി നാലിടങ്ങളിലാണ് ഒരേ സമയം സര്‍വേ നടന്നത്.ആറു കിലോമീറ്റര്‍ ദൂരപരിധിയിലാണ് പൊന്നാനി താലൂക്കിലെ രണ്ടാം ദിന സര്‍വേ പൂര്‍ത്തീകരിച്ചത്.
വെളിയങ്കോട് അച്ചോട്ടിച്ചിറ മുതല്‍ ബീവിപ്പടി വരെയും, വെളിയങ്കോട് ഉമര്‍ഖാസി ജുമാ മസ്ജിദ് മുതല്‍ ബീവിപ്പടിവരെയും, വെളിയങ്കോട് ജുമാ മസ്ജിദ് മുതല്‍ പുതുപൊന്നാനി പാലം വരെയും, പൊന്നാനി ആനപ്പടി മുതല്‍ പുതുപൊന്നാനി പാലം വരെയും വിവിധ ടീമുകളായി തിരിച്ചാണ് സര്‍വേ നടന്നത്.
നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരുന്ന വെളിയങ്കോട് അങ്ങാടിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇരുന്നൂറോളം പൊലീസുകാരെയാണ് വിന്യസിച്ചത്.കൂടാതെ ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിച്ചിരുന്നു.2013ലെ അലൈന്‍മെന്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് സര്‍വേ നടപടികള്‍  പൂര്‍ത്തീകരിച്ചത്.
പഴയ അലൈന്‍മെന്റില്‍ വെളിയങ്കോട് അങ്ങാടിയോട് ചേര്‍ന്ന് കണ്ടെയ്‌നര്‍ പാര്‍ക്കിംഗിനുള്ള സ്ഥലം കൂടി മാര്‍ക്കിംഗ് ചെയ്തിരുന്നതിനാല്‍ നിരവധി വീടുകള്‍ നഷ്ടപ്പെടേണ്ട സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ പുതിയ അലൈന്‍മെന്റില്‍ ഈ ഭാഗത്ത് കണ്ടെയ്‌നര്‍ പാര്‍ക്കിംഗ് വേണ്ടെന്ന തീരുമാനത്താല്‍ ഈ വീടുകള്‍ പൊളിച്ചു മാറ്റേണ്ടി വരില്ലെന്നാണ് കണ്ടെത്തിയത്. വെളിയങ്കോട് ജുമാ മസ്ജിദിന്റെ മുന്‍ഭാഗത്തെ പള്ളിക്കാട്ടില്‍ നിന്നുള്ള കുറച്ച് സ്ഥലവും, ബീവിപ്പിട പള്ളിയുടെ മുന്‍ഭാഗത്തെ സ്ഥലവും ഏറ്റെടുക്കേണ്ടി വരും.കൂടാതെ അയ്യോടിച്ചിറയിലെ പള്ളി പൂര്‍ണ്ണമായും പൊളിച്ചുനീക്കേണ്ടി വരും. മഹല്ല് കമ്മറ്റി ഇതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
വെളിയങ്കോട് അങ്ങാടിയിലെ റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി കെട്ടിടങ്ങളും,നൂറിലേറെ കടകളും പാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കേണ്ടി വരും.എന്നാല്‍ ന്യായമായ നഷ്ട പരിഹാരം നല്‍കുമെന്ന ഉറപ്പ് ലഭിച്ചതിനാല്‍ ഇത് വിട്ടുകൊടുക്കാനാണ് കെട്ടിട ഉടമകളുടെയും, ഭൂവുടമകളുടെയും തീരുമാനം. ഇതിനാല്‍ സമാധാനപരമായ അന്തരീക്ഷത്തിലാണ് സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കാനായത്.
പൊന്നാനി പൊലീസ് സ്‌റ്റേഷന്റെ മുന്‍ഭാഗത്ത് നിന്നുള്ള സ്ഥലവും ദേശീയ പാത വികസനത്തിന്റെ ഭാഗമായി നഷ്ടമാവും.ഇതിനിടെ ഇരകള്‍ക്ക് ന്യായമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും, ചുങ്കപ്പാത അനുവദിക്കില്ലെന്ന് അറിയിച്ചും യുഡിഎഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും, ഏറെ നേരം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പൊന്നാനി നഗരസഭാ പരിധിയിലെ സര്‍വേ തിങ്കളാഴ്ച തുടരും.
ഈ ഭാഗത്ത് കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടാനിടയില്ലാത്തതിനാല്‍ നടപടി സുഗമമായി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. അയ്യോട്ടിച്ചിറയില്‍ സര്‍വേ നടത്തിയപ്പോള്‍ കിഴക്കും പടിഞ്ഞാറും തമ്മില്‍ മാറിപ്പോയത് ഏറെ ബഹളത്തിനിടയാക്കി. സമാനമായി മറ്റിടങ്ങളിലും ഇതുപോലെ മാറിയിട്ടുണ്ടാകാമെന്ന് ഇരകള്‍ ബഹളം വെച്ചെങ്കിലും അതൊന്നും ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല. പിഴവ് വന്ന ഭാഗങ്ങളില്‍ ഇന്നലെ വീണ്ടും സര്‍വേ നടത്തി.
Next Story

RELATED STORIES

Share it