സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിപ്പ് പ്രതിസന്ധിയില്‍

പി  വി  മുഹമ്മദ്്  ഇഖ്ബാല്‍
കോഴിക്കോട്: രാജ്യത്തെ സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗം പഠനകേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കണമെങ്കില്‍ പ്രതിവര്‍ഷം അംഗീകാരം പുതുക്കണമെന്നതുള്‍പ്പെടെ യുജിസിയുടെ കര്‍ശന വ്യവസ്ഥ. പുതിയ നിയമത്തെ തുടര്‍ന്ന് കേന്ദ്രങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലായി.
ഇതോടെ കണ്ണൂര്‍ സര്‍വകലാശാലയിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നടത്തിപ്പു നിര്‍ത്താനാണു നീക്കം. യുജിസിയുടെ നിയന്ത്രണത്തിലുള്ള ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ ബ്യൂറോയുടെ ഉത്തരവനുസരിച്ച് ഓരോ സര്‍വകലാശാലയിലെയും വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓരോ പ്രോഗ്രാമുകള്‍ക്കും ഒരു അസി. പ്രഫസര്‍, ഒരു അസോഷ്യേറ്റ് പ്രഫസര്‍ എന്നിങ്ങനെ സ്ഥിരം തസ്തികയിലുള്ള അധ്യാപകരുണ്ടായിരിക്കണം.
സംസ്ഥാനത്ത് കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലൊന്നിലും വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഇതുവരെ സ്ഥിരാധ്യാപകരെ നിയമിച്ചിട്ടില്ല.
ഡിഗ്രി, പിജി ഉള്‍പ്പെടെ ഓരോ പ്രോഗ്രാമിലും സ്ഥിരാധ്യാപകരെ നിയമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ച് യുജിസിക്ക് പ്രോഗ്രാം പ്രൊജക്റ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, കണ്ണൂര്‍ സര്‍വകലാശാല ഇതുവരെയും റിപോര്‍ട്ട് നല്‍കിയിട്ടില്ല.
കരാറടിസ്ഥാനത്തില്‍ ഓരോ വര്‍ഷത്തേക്കു മാത്രം 25,000 രൂപ ശമ്പളനിരക്കില്‍ അധ്യാപകരെ നിയമിച്ചുകൊണ്ടാണ് സര്‍വകലാശാലകള്‍ സ്ഥിരാധ്യാപകരാണെന്നു പറഞ്ഞ് യുജിസിയെ കബളിപ്പിച്ച് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഇവര്‍ സ്ഥിരാധ്യാപകരല്ലെന്നു കണ്ടെത്തിയാല്‍ കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ അംഗീകാരം യുജിസി ഏതുസമയത്തും പിന്‍വലിക്കുമെന്നുറപ്പാണ്.
ഇത്തരമൊരു നീക്കമുണ്ടായാല്‍ പഠിതാക്കളായ ലക്ഷക്കണക്കിനാളുകളുടെ ഭാവി അവതാളത്തിലാവും. കാലിക്കറ്റില്‍ പ്രതിവര്‍ഷം നാലുലക്ഷവും കേരളയില്‍ ഇതിന്റെ പകുതിയോളവും പഠിതാക്കളുണ്ടെന്നാണു കണക്ക്.
Next Story

RELATED STORIES

Share it