kozhikode local

സര്‍വകക്ഷി യോഗത്തില്‍ എംഎല്‍എക്ക് നേരെ കൈയേറ്റം

താമരശ്ശേരി: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ സംഭവത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എംഎല്‍എയെ കൈയേറ്റം ചെയ്തു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ കട്ടിപ്പാറ പഞ്ചായത്ത് ഹാളില്‍ കാരാട്ട് റസാഖ് എംഎല്‍എ വിളിച്ചു ചേര്‍ത്ത സര്‍വ കക്ഷി യോഗത്തിലാണ് ഒരുപറ്റം യുവാക്കള്‍ എംഎല്‍എയെ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തത്.
സംഭവത്തില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ താലൂക്കാശുപത്രിയില്‍ ചികില്‍സ നല്‍കി. എംഎല്‍എയെ കൂടാതെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ള തോട്, ജില്ലാ പഞ്ചായത്തംഗങ്ങലായ നജീബ് കാന്തപുരം, ജോസഫ്, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, ഡിവൈഎസ്പി പി സജീവന്‍ തുടങ്ങിയ രാഷ്ട്രീയ -ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗം നടന്നുകൊണ്ടിരിക്കെ യോഗ തീരുമാനം വിലയിരുത്താനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും വേണ്ടി പ്രസിഡന്റിന്റെ റൂമിലേക്ക് പോവുകയാണെന്ന് അധ്യക്ഷനായ എംഎല്‍എ അറിയിച്ചു. എന്നാല്‍ തങ്ങളെ കൂടി സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിഞ്ചോല പ്രദേശത്തെ ഒരു പറ്റം യുവാക്കള്‍ രംഗത്തുവന്നു.
തങ്ങളാണ് ഉരുള്‍പൊട്ടിയ സ്ഥലത്ത് ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചതെന്നും തങ്ങള്‍ക്ക് കുറച്ചു കാര്യങ്ങള്‍ പറയാനുണ്ടെന്നും മറ്റും പറഞ്ഞാണ്  പ്രശ്‌നത്തിനു തുടക്കമായത്. ഇതിനിടയില്‍ എംഎല്‍എയും സംഘവും പ്രസിഡന്റിന്റെ റൂമിലേക്ക് പോയി. ഇതോടെ ഹാളില്‍ നിന്നു പുറത്തിറങ്ങിയ സംഘം ബഹളമായി.
വീണ്ടും യോഗം തുടങ്ങാന്‍ ഹാളിലെത്തിയതോടെ ഇവരുടെ പ്രതിനിധിയെ സംസാരിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇവരെ വിളിച്ചെങ്കിലും എംഎല്‍എ തന്നെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു ബഹളമായി. യോഗം അവസാനിപ്പിച്ചു പിരിയുന്നതിനിടയിലാണ് കാരാട്ട് റസാഖ് എംഎല്‍എയെ പുറത്തിറങ്ങാന്‍ സമ്മതിക്കില്ലെന്നുപറഞ്ഞ് സംഘം കൈയേറ്റം ചെയ്തത്. ശക്തമായ പോലിസ് ബന്ധവസിലാണ് പിന്നീട് അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയത്. തുടര്‍ന്ന് താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി.
Next Story

RELATED STORIES

Share it