wayanad local

സര്‍ഫാസി നിയമത്തിനെതിരേ കര്‍ഷക സംരക്ഷണ സമിതി സുപ്രിംകോടതിയിലേക്ക്

കല്‍പ്പറ്റ: കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ ജില്ലയില്‍ സര്‍ഫാസിയും ജപ്തി നടപടികളും തുടര്‍ന്നാല്‍ ഉപരോധിക്കാനും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയാല്‍ ജാമ്യം സ്വീകരിക്കാതെ ജയില്‍വാസം സ്വീകരിക്കാനും സര്‍ഫാസിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാനും കര്‍ഷക സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജപ്തിനടപടികള്‍ തീരുമാനിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിച്ച് കര്‍ഷകനെ ഏല്‍പ്പിക്കും. കര്‍ഷകദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകളെ ബഹിഷ്‌കരിക്കാനും ബഹിഷ്‌കരണം വ്യാപകമാക്കാന്‍ കര്‍ഷക നാട്ടുകൂട്ടങ്ങള്‍ വിളിച്ചുകൂട്ടി കര്‍ഷകരെ ബോധവല്‍ക്കരിക്കാനും തീരുമാനിച്ചു. രാജ്യത്തെ ഏറ്റവും വലിയ കൊള്ളസംഘമായി ബാങ്കുകള്‍ മാറിയെന്നും ജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മുന്നില്‍ ബാങ്കുകളാണെന്നും യോഗം വിലയിരുത്തി. എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. ജോബ് കാട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ കെ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അവാര്‍ഡ് ജേതാവ് വന്ദന ഷാജിയെ പൊന്നാടയണിച്ച് ആദരിച്ചു. കര്‍ഷക സംരക്ഷണ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ രാജന്‍, കെഎസ്ആര്‍ടിസി ഡയറക്ടര്‍ സി എം ശിവരാമന്‍, തെക്കേടത്ത് മുഹമ്മദ്, ജോണി കൈതമറ്റം കെ മുഹമ്മദാലി സംസാരിച്ചു.
Next Story

RELATED STORIES

Share it