Flash News

സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കവാടങ്ങള്‍ അടക്കാന്‍ കേന്ദ്രാനുമതി



ഗാന്ധിനഗര്‍: നര്‍മദാ നദിക്കു കുറുകെയുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ കവാടങ്ങള്‍ അടക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു കവാടങ്ങള്‍ അടക്കാന്‍ നിര്‍ദേശം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അണക്കെട്ടിന്റെ കവാടങ്ങള്‍ അടക്കാന്‍ അനുമതി നല്‍കിയത്. ഗുജറാത്തിന്റെ ചരിത്രപ്രധാനമായ ദിവസമാണിതെന്നും നരേന്ദ്രമോദി സംസ്ഥാനത്തെ ജനങ്ങളുടെ ആഗ്രഹം നിറവേറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 1961ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട സര്‍ദാര്‍ സരോവര്‍ പദ്ധതിയുടെ നിര്‍മാണം പല കാരണങ്ങളാല്‍ നീണ്ടുപോയി. നര്‍മദ ബച്ചാവോ ആന്ദോളന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിര്‍മാണം അവസാനമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിറക്കിയത്. കവാടങ്ങള്‍ അടച്ചതോടെ 138 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ സരോവര്‍ രാജ്യത്തെ ഏറ്റവും ഉയരംകൂടിയ അണക്കെട്ടുകളിലൊന്നായി മാറി.  4.75 മില്ല്യന്‍ ക്യുബിക് മീറ്റര്‍ വെള്ളം സംഭരിക്കാനുള്ള ശേഷിയും അണക്കെട്ടിനുണ്ട്. അണക്കെട്ടിന്റെ ജലസേചനപദ്ധതി ഗുജറാത്തിലെ 73 താലൂക്കിലായി 3,112 ഗ്രാമങ്ങളില്‍ വെള്ളം എത്തിക്കും. 18.45 ലക്ഷം ഹെക്ടര്‍ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it