സര്‍ക്കാര്‍ പുതുതന്ത്രം മെനയുന്നു

സമീര്‍   കല്ലായി

മലപ്പുറം: കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിലായിരിക്കെ സര്‍ക്കാര്‍ പുതുതന്ത്രം മെനയുന്നു. നാളെ വിഷയവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ ഒട്ടേറെ കേസുകള്‍ പരിഗണിക്കാനിരിക്കെയാണ് മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതുവഴി ആലോചിക്കുന്നത്.14 ജില്ലാ സഹകരണ ബാങ്കുകളെയും കേരള സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കിനെയും ഏറ്റെടുക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ നിയമതടസ്സങ്ങള്‍ മറികടക്കാമെന്നാണ് സര്‍ക്കാരിനു ലഭിച്ചിട്ടുള്ള നിയമോപദേശം. 2000നു ശേഷം ആര്‍ബിഐ പുതിയ ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നില്ല. ഇതാണ് കേരള ബാങ്ക് രൂപീകരണം സങ്കീര്‍ണമാക്കിയത്. നേരത്തേ 14 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കിയിരുന്നത്.ആര്‍ബിഐ ഇതു പഠിച്ച് റിപോര്‍ട്ട് നല്‍കാന്‍ നബാര്‍ഡിന് കൈമാറിയിരുന്നു. ലയനത്തിനായുള്ള ആര്‍ബിഐ സര്‍ക്കുലര്‍ പ്രകാരം അതത് ബാങ്കുകളുടെ ജനറല്‍ ബോഡി യോഗങ്ങള്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ അംഗീകാരം നല്‍കണം. ലയനത്തിനുള്ള കരട് റിപോര്‍ട്ട് ജനറല്‍ ബോഡി അംഗീകരിച്ചതിനു ശേഷമേ റിസര്‍വ് ബാങ്കിന് അപേക്ഷ നല്‍കാനാവൂ. തുടര്‍ന്ന്, ഓഹരി ഉടമകള്‍ക്ക് ഷെയര്‍ പിന്‍വലിക്കുന്നതിന് രണ്ടുമാസം സമയം നല്‍കണം. 1969ലെ കേരള സഹകരണ നിയമം 14 പ്രകാരമുള്ള വ്യവസ്ഥകളും പാലിക്കണം. ഇപ്പോഴത്തെ നിലയില്‍ 10 ജില്ലാ ബാങ്കുകള്‍ക്കു മാത്രമേ ഇതിനു കഴിയൂ. കേരള ബാങ്ക് രൂപീകരണത്തിനായി ഓര്‍ഡിനന്‍സിലൂടെ നിലവിലെ മുഴുവന്‍ ജില്ലാ ബാങ്കുകളുടെയും ഭരണസമിതി പിരിച്ചുവിട്ടിരുന്നു.നിലവിലുള്ള സഹകരണ നിയമപ്രകാരം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ കാലാവധി ഒരുവര്‍ഷം വരെ മാത്രമേ നീട്ടിക്കൊണ്ടു പോവാനാവൂ. ഇതിനാല്‍, അടുത്ത മാര്‍ച്ചിനു മുമ്പായി ജില്ലാ ബാങ്കുകളില്‍ പുതിയ ഭരണസമിതി നിലവില്‍ വരേണ്ടിവരും.നാലു ജില്ലാ ബാങ്കുകളുടെ ഭരണം ഇന്നത്തെ നിലയില്‍ യുഡിഎഫിനെ ലഭിക്കൂവെന്നതിനാല്‍ സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഫലം കാണില്ല. ഇതിനെ മറികടക്കാനാണ് പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന മോഡലില്‍ ജില്ലാ ബാങ്കുകളെയും സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നിയമോപദേശം ലഭിച്ചിട്ടുള്ളത്.പുതിയ ഓര്‍ഡിനന്‍സ് ഉടന്‍ മന്ത്രിസഭാ അംഗീകാരത്തോടെ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കും. ജില്ലാ ബാങ്കുകള്‍ ഏറ്റെടുക്കുന്നതിലൂടെ 70,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാരിന് സ്വന്തമാവും. ഇതു കേരള ബാങ്ക് രൂപീകരണം എളുപ്പമാക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.അതേസമയം, വിഷയത്തില്‍ ആര്‍ബിഐയുടെയും ഹൈക്കോടതിയുടെയും നിലപാടുകള്‍ എന്തായിരിക്കുമെന്നു പ്രവചനാതീതമാണ്. നാളെ വിവിധ യൂനിയനുകളും നിയമനനിരോധനത്തിനെതിരേ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സും നല്‍കിയ കേസ് ഹൈക്കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ നീക്കങ്ങള്‍ ഫലവത്താവുമോയെന്നു കണ്ടറിയേണ്ടിയിരിക്കുന്നു.
Next Story

RELATED STORIES

Share it