malappuram local

സര്‍ക്കാര്‍ പരിരക്ഷ വാക്കില്‍ മാത്രം; സുരക്ഷയില്ലാതെ തെരുവുകള്‍

റജീഷ് കെ സദാനന്ദന്‍
മഞ്ചേരി: തെരുവില്‍ രാപാര്‍ക്കുന്നവരുടെ സുരക്ഷയില്‍ ഭരണ കര്‍ത്താക്കള്‍ തുടരുന്ന അലംഭാവത്തിന്റെ നേര്‍ക്കാഴ്ചയാണ് മഞ്ചേരിയില്‍ വെട്ടേറ്റ ഒമ്പതുമാസം പ്രായമായ ബാലിക. ഓര്‍മപ്പെടുത്തലുകളിലും ബോധമുണരാത്ത ഭരണ നിര്‍വഹണത്തിന്റെ പ്രതീകം കൂടിയാണ്, മഞ്ചേരിയില്‍ ഇന്ദിരാ ഗാന്ധി ബസ് ടെര്‍മിനല്‍ പരിസരത്ത് കുരുന്നിന്റെ കാലുകള്‍ക്ക് വെട്ടേറ്റ സംഭവം. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പുനരധിവാസകേന്ദ്രമൊരുക്കാന്‍ നഗര ഉപജീവന മിഷന്‍ നടത്തിയ കണക്കെടുപ്പില്‍ മഞ്ചേരി നഗരസഭാ പരിധിയില്‍ രണ്ടു സ്ത്രീകളും ഏഴു പുരുഷന്‍മാരുമടക്കം ഒമ്പതുപേര്‍ തെരുവില്‍ അന്തിയുറങ്ങുന്നു എന്നാണ് കണ്ടെത്തിയത്. എന്നാല്‍, കച്ചേരിപ്പടിയിലെ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ കേന്ദ്രീകരിച്ച് മാത്രം ഇതിന്റെ അഞ്ചിരട്ടിയോളം പേര്‍ അരക്ഷിതരായി കഴിയുന്നത് ‘തേജസ്’ റിപോര്‍ട്ട് ചെയ്തിരുന്നു. ബസ് സ്റ്റാന്റ് കെട്ടിടവും സമീപത്തെ പണി തീരാത്ത സ്വകാര്യ കെട്ടിടങ്ങളുമാണ് തെരുവിന്റെ മക്കള്‍ രാപാര്‍ക്കാന്‍ ആശ്രയിക്കുന്നത്.
അനാഥരും ഭിക്ഷാടകരും മാനസിക വൈകല്യമുള്ളവരും നാടോടികളും നാട്ടില്‍ സ്വന്തമായി സ്ഥലവും വീടുമുണ്ടായിട്ടും ഇവിടെ തെരുവിലലയുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമെല്ലാം ഇതിലുള്‍പ്പെടും. വസ്തുതയോട് ഒട്ടും നീതി പുലര്‍ത്താത്ത കണക്കാണ് തെരുവില്‍ കഴിയുന്നവരുടെ കാര്യത്തില്‍ സര്‍വേ നടത്തി നഗര ഉപജീവന മിഷന്‍ തയ്യാറാക്കിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. സ്ത്രീകളും കുട്ടികളും വരെ നിരത്തുവക്കുകളിലെ കെട്ടിടങ്ങളില്‍ തീര്‍ത്തും അരക്ഷിതരായി കഴിയുന്നുണ്ട്. മയക്കുമരുന്നിനടിമപ്പെട്ടവരും മദ്യപരും തെരുവുനായകളും നഗരങ്ങള്‍ വാഴുന്ന രാത്രികളില്‍ സുരക്ഷയ്ക്ക് യാതൊരു മാര്‍ഗവുമില്ലാതെയാണ് ഭൂരിഭാഗവും ജീവിതം കഴിച്ചുകൂട്ടുന്നത്. നാടോടി സംഘങ്ങളാണിതില്‍ കൂടുതലും. സ്ഥിരമായി ഒരിടത്തല്ല തങ്ങുന്നതെന്നതിനാല്‍ ഇത്തരക്കാര്‍ കണക്കെടുപ്പുകളില്‍ അവഗണിക്കപ്പെടുന്നതും വസ്തുതയാണ്.
ലഹരിക്കടിപ്പെട്ട അരക്ഷിത ജീവിത സാഹചര്യമാണ് തെരുവില്‍ കുരുന്നുകള്‍ നേരിടേണ്ടി വരുന്നത്. രക്ഷിതാക്കള്‍തന്നെ പീഡനങ്ങള്‍ക്ക് ഹേതുവാകുന്ന സംഭവങ്ങളും വിരളമല്ല. കുട്ടികളുടേയും സ്ത്രീകളുടേയും സുരക്ഷയ്ക്ക് നിരവധി പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും യഥാര്‍ഥ ഇരകളെ കണ്ടെത്തി സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പധികാരികളും നിഷ്‌ക്രിയരാവുകയാണ്. നഗര ഉപജീവന പദ്ധതിയനുസരിച്ച് തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ചില നഗരസഭകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നടപടിയായിട്ടുണ്ട്. പദ്ധതിപ്രകാരമുള്ള കണക്കനുസരിച്ച് ജില്ലയില്‍ തെരുവിലുറങ്ങുന്നവര്‍ 155 പേരാണ്. ജില്ലയിലെ നഗരങ്ങളില്‍ തെരുവില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ മലപ്പുറത്തും പെരിന്തല്‍മണ്ണയിലും കേന്ദ്രങ്ങള്‍ ഒരുക്കുന്നുണ്ട്.
കണക്കില്‍ എണ്ണക്കുറവുള്ള നഗരസഭകള്‍ ഇതിനു മുന്‍കൈയെടുത്തിട്ടില്ല. ദേശീയ നഗര ഉപജീവന മിഷന്റെ 26 പുനരധിവാസകേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെങ്കിലും ജില്ലയില്‍ തെരുവോരങ്ങളില്‍ രാപാര്‍ക്കുന്നവരിപ്പോഴും അരക്ഷിതരാണ്.
Next Story

RELATED STORIES

Share it