സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കണം: ഹൈക്കോടതി

കൊച്ചി: അട്ടപ്പാടിയെ ട്രൈബല്‍ താലൂക്കായി പ്രഖ്യാപിക്കണമെന്ന പാലക്കാട് ജില്ലാ കലക്ടറുടെ ശുപാര്‍ശയില്‍ എന്ത് തീരുമാനമെടുത്തെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ആദിവാസികളുടെ ക്ഷേമത്തിന് നടപ്പാക്കുന്ന സമഗ്ര പട്ടികവര്‍ഗ വികസന പദ്ധതിയുടെ (ഐടിഡിപി) പ്രൊജക്റ്റ് ഓഫിസറായി ഐഎഎസ് ഓഫിസറെ നിയമിക്കണം എന്ന ശുപാര്‍ശയിലും സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അട്ടപ്പാടി മേഖലയിലെ ആദിവാസി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും വിവിധ ആവശ്യങ്ങളുന്നയിച്ചും തൃശൂരിലെ പൊതുപ്രവര്‍ത്തകനായ പി ഡി ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് കലക്ടര്‍ വിശദീകരണ പത്രിക സമര്‍പ്പിച്ചിരുന്നത്.
കേസ് ഇന്നലെ പരിഗണിച്ച ഉടന്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കാലാകാലങ്ങളില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തതുകൊണ്ട് കാര്യമില്ലെന്നും നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് അന്തിമ അവസരമായി രണ്ടാഴ്ച നല്‍കിയത്. അട്ടപ്പാടിയിലെ കമ്മ്യൂണിറ്റി അടുക്കള പൂട്ടിക്കിടക്കുകയാണെന്ന കെല്‍സയുടെ 2017ലെ റിപോര്‍ട്ടും കോടതി പരിഗണിച്ചു. എന്തു കൊണ്ടാണ് അടുക്കള പൂട്ടിയതെന്ന് രണ്ടാഴ്ചയ്ക്കകം വ്യക്തമാക്കാന്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. മലപ്പുറം അമ്പുമല ആദിവാസി കോളനിയില്‍ പോഷകാഹാര ക്കുറവുംമറ്റുമുണ്ടെന്ന റിപോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിച്ചെന്നു സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അട്ടപ്പാടി മേഖലയില്‍ പദ്ധതി തയ്യാറാക്കലുള്‍പ്പെടെയുള്ള ചുമതലകള്‍ സ്വതന്ത്രമായി നിര്‍വഹിക്കാനാവുന്ന വിധം പ്രൊജക്റ്റ് ഓഫിസറെ നിയമിക്കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളതായി ജില്ലാ കലക്ടര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഐടിഡിപി ഓഫിസറെ നിയമിക്കാനുള്ള ശുപാര്‍ശയും പ്രൊജക്റ്റ് ഓഫിസറുടെ അധികാരങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സര്‍ക്കാരിന് കൈമാറിയിട്ടുള്ളതായി വിശദീകരണ പത്രികയില്‍ പറയുന്നു.
അട്ടപ്പാടിയെ ട്രൈബല്‍ താലൂക്ക് ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ താലൂക്ക് രൂപവല്‍ക്കരണത്തിന് സര്‍ക്കാര്‍ തലത്തിലാണു തീരുമാനമുണ്ടാവേണ്ടതെന്ന് ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. അട്ടപ്പാടിയിലെ പട്ടികവര്‍ഗ വിഭാഗക്കാരുടെ പക്കലുള്ള ഭൂമി കണ്ടെത്തി അവകാശരേഖ നല്‍കാനായി സര്‍വേയ്ക്ക് റവന്യൂ സര്‍വേ സംഘത്തെ നിയമിക്കാന്‍ 2013 ഒക്‌ടോബറില്‍ കോടതി ഉത്തരവ് പ്രകാരം അനുമതി നല്‍കിയിരുന്നു. 2014ല്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ഇതുസംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്‍കി.
ഏകദേശം 25,000 ഏക്കര്‍ സ്ഥലമാണ് സര്‍വേ നടത്തേണ്ടത്. ഇത്രയധികം ഉദ്യോഗസ്ഥരെ ഇത്രയും കാലത്തേക്ക് ചുമതലപ്പെടുത്തുന്നത് ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനത്തെ ദോഷമായി ബാധിക്കാനിടയാക്കുമെന്ന നിരീക്ഷണമുണ്ടായി. തുടര്‍ന്ന് സര്‍വേ സംഘം രൂപീകരിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും നിയമിക്കണമെന്ന് 2015ലും 2018ലും ലാന്‍ഡ് റവന്യൂ കമ്മീഷണറോട് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയതായും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it