thiruvananthapuram local

സര്‍ക്കാര്‍ തീരുമാനം കോര്‍പറേഷന് തിരിച്ചടി

തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളിലൂന്നി ഖരമാലിന്യ സംസ്‌കരണത്തിനായി കോര്‍പറേഷന്‍ തയാറാക്കിയ രൂപരേഖ (ഡിപിആര്‍) സര്‍ക്കാര്‍ മടക്കിയത് കോര്‍പറേഷന് തിരിച്ചടിയായി. നഗരത്തിലെ വാര്‍ഡുകളില്‍ എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിച്ചുകൊണ്ട് വികേന്ദ്രീകൃത മാലിന്യസംസ്‌കരണപദ്ധതിയുമായി കോര്‍പറേഷന്‍ മുന്നോട്ടു പോകുന്നതിനിടെയാ—ണ് സര്‍ക്കാര്‍ മുഖം തിരിച്ചത്.
ശുചിത്വഭാരത പദ്ധതിയിലുള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് കോര്‍പറേഷന്‍ തയ്യാറാക്കിയ വിശദ പഠന റിപോര്‍ട്ട് സംസ്ഥാനതല ഉന്നതാധികാര സമിതിയാണ് തള്ളിയത്. കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റ് കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനു വിരുദ്ധമാണ് വിശദ പഠന റിപോര്‍ട്ടെന്നാണ് സമിതിയുടെ വിശദീകരണം. മാലിന്യ സംസ്‌കരണത്തിനായി കേന്ദ്രീകൃത പ്ലാന്റ് വരുന്ന സാഹചര്യത്തില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു കോര്‍പറേഷന്റെ രൂപരേഖ ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല എംപവേര്‍ഡ് കമ്മിറ്റി തള്ളിയത്.
നഗരത്തില്‍ വിവിധതലങ്ങളിലാണ് വികേന്ദ്രീകൃത മാലിന്യസംസ്‌കരണ പദ്ധതികള്‍ കോര്‍പറേഷന്‍ ആസൂത്രണം ചെയ്തിരുന്നത്. എയ്‌റോബിന്നുകള്‍, കിച്ചണ്‍ ബിന്നുകള്‍, പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ തുടങ്ങി വിവിധ രീതികളാണ് ഇതിനായി കൊണ്ടുവന്നത്. ഇതിന്റെ വിശദപഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നുവെങ്കില്‍ കോടികളുടെ ഗ്രാന്റ് കിട്ടുമായിരുന്നുവെന്നാണ് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നത്.
ആദ്യഘട്ടത്തില്‍ മാത്രം 29.9 കോടിയുടെ ഗ്രാന്റാണ് ലഭിക്കുമായിരുന്നത്.  കോര്‍പറേഷന്‍ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇല്ലാതാക്കാന്‍ മുട്ടത്തറയില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകളും തുടങ്ങിയിരുന്നു.
ജൈവമാലിന്യങ്ങള്‍ എയ്‌റോബിക് ബിന്നിലൂടെ സംസ്‌കരിച്ചു വളമാക്കുന്നതിനാണ് കോര്‍പറേഷന്‍ ലക്ഷ്യമിട്ടിരുന്നത്. നഗരത്തിലെ നൂറ് വാര്‍ഡുകളിലും ഇതു നടപ്പാക്കി നഗരത്തിലെ മാലിന്യപ്രശ്‌നത്തിനു പരിഹാരം കാണാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, വര്‍ഷങ്ങളായി നഗരത്തില്‍ തുടരുന്ന മാലിന്യപ്രശ്‌നം പരിഗണിച്ച് കേന്ദ്രീകൃത മാലിന്യസംസ്‌കരണപ്ലാന്റാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് വിതുരയിലാണ് മാലിന്യസംസ്‌കരണപ്ലാന്റ് ആരംഭിക്കുകയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Next Story

RELATED STORIES

Share it