kannur local

സര്‍ക്കാര്‍ ആനുകൂല്യങ്ങളറിയാന്‍ ഗ്രാമങ്ങളില്‍ സഹായ കേന്ദ്രം

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായ, ആനുകൂല്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ഗ്രാമങ്ങളില്‍ പിആര്‍ഡി സഹായ കേന്ദ്രം ഒരുക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം 18ന് മന്ത്രിസഭാ വാര്‍ഷികത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും ക്ഷേമനിധി ബോര്‍ഡ് പോലുള്ള സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഗ്രാമ തലത്തില്‍ ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി ഓരോ പ്രദേശത്തെയും വായനശാലകള്‍, കലാസമിതികള്‍, സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ എന്നിവയെ തെരഞ്ഞെടുക്കും. ഈ കേന്ദ്രത്തില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, അര്‍ഹതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം അറിയാനാവും. ഇതിനായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള വിവരങ്ങളടങ്ങിയ കൈപുസ്തകം തയ്യാറാക്കിയിട്ടുണ്ട്.
ഇവ ഗ്രാമങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന പിആര്‍ഡി സഹായ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. അതാത് സമയങ്ങളില്‍ വരുന്ന മാറ്റങ്ങളും പുതിയ പദ്ധതികളും ഓണ്‍ലൈനായി ഈ കേന്ദ്രങ്ങളിലേക്ക് നല്‍കാനും സംവിധാനമൊരുക്കും. ജില്ലാ ഭരണകൂടം തയ്യാറാക്കിയ വീ ആര്‍ കണ്ണൂര്‍ മൊബൈല്‍ ആപ്പിലും ഈ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it