സര്‍ക്കാര്‍ അറിയാത്ത ബസ് ദേശസാല്‍ക്കരണം!

മധ്യമാര്‍ഗം - പരമു
പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ കഴിയാത്ത കെഎസ്ആര്‍ടിസിക്ക് നല്ലകാലം വരുന്നു! കേരളത്തിലോടുന്ന സ്വകാര്യ ബസ്സുകളൊക്കെ കെഎസ്ആര്‍ടിസി ആവുന്ന സുവര്‍ണകാലം. അതേ, ജീവന്‍രക്ഷാ ഔഷധംകൊണ്ട് നിലനിന്നുപോരുന്ന സ്ഥാപനത്തെ നന്നാക്കിയെടുക്കാനുള്ള പദ്ധതിയാണ് അണിയറയില്‍ രൂപപ്പെട്ടുവരുന്നത്.
ഇതിന്റെ മൊത്തം ക്രെഡിറ്റ് സ്ഥാപനത്തിന്റെ ഇന്നത്തെ മാനേജിങ് ഡയറക്ടര്‍ക്കാണ്. അദ്ദേഹം സാധാരണ എംഡി അല്ല. നേരത്തേ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ള മാന്യദേഹമാണ്. ഐപിഎസുകാരന്‍ എന്ന നിലയില്‍ കേരളത്തിലെ പോലിസ് ഡിപാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ച് ആവശ്യത്തിന് 'സല്‍പ്പേര്' അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. സാംസ്‌കാരികരംഗത്തും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് ഉണ്ടായതിന്റെ പേരില്‍ ചില്ലറ പ്രശ്‌നങ്ങളൊക്കെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നു. അതൊക്കെ രാഷ്ട്രീയ പകപോക്കലും ഉദ്യോഗസ്ഥ വേട്ടയാടലും ആയി കണക്കാക്കിയാല്‍ മതി!
അഴിമതിമുക്തമായ എല്‍ഡിഎഫ് ഭരണം വന്നപ്പോഴാണ് അദ്ദേഹത്തിന് തന്റെ പ്രാഗല്ഭ്യം പുറത്തെടുക്കാന്‍ അവസരമുണ്ടായത്. ആഭ്യന്തരവകുപ്പില്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന അറകളുടെ താക്കോല്‍ വരെ സ്വന്തം കൈകളില്‍ സൂക്ഷിക്കാനുള്ള അധികാരം നല്‍കി എല്‍ഡിഎഫ് ഭരണം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പക്ഷേ, ദീര്‍ഘകാലം പോലിസ് വകുപ്പില്‍ നില്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കാരണം, അദ്ദേഹത്തിന്റെ സേവനവും കഠിനാധ്വാനവും പെരുമാറ്റവും കടന്ന ബുദ്ധിയും ഏതെങ്കിലും ഒരു വകുപ്പില്‍ മാത്രമായി ഒതുക്കിക്കൂടല്ലോ? അതുകൊണ്ട് ഏതു സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇദ്ദേഹത്തെ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കും. അങ്ങനെയാണ് ഇപ്പോള്‍ അദ്ദേഹം കെഎസ്ആര്‍ടിസി എംഡി പദവിയില്‍ ഇരിക്കുന്നത്. ഈ പദവി അദ്ദേഹം സ്വപ്‌നത്തില്‍പ്പോലും ആഗ്രഹിച്ചതല്ല. ഭരണമുന്നണിയിലെ ഒരു നേതാവ് അദ്ദേഹത്തെ സ്വകാര്യമായി വിളിച്ചിട്ടു പറഞ്ഞു: ''താങ്കള്‍ വിചാരിച്ചാല്‍ കെഎസ്ആര്‍ടിസി ശരിയാവും. അവിടെ പോയേ പറ്റൂ. വിജയിക്കും.'' ആ നേതാവ് ആരാണെന്ന് അദ്ദേഹത്തോടു ചോദിച്ചാല്‍ ഇപ്പോള്‍ ആ പേരു പറയില്ല.
കെഎസ്ആര്‍ടിസി എന്ന സ്ഥാപനം സംസ്ഥാന ഗതാഗതവകുപ്പിനു കീഴിലാണെന്നും അതിനൊരു മന്ത്രിയും മന്ത്രിക്ക് ഒരു ഓഫിസും സ്റ്റാഫുമൊക്കെ ഉണ്ടെന്നും എംഡി മനസ്സിലാക്കിയിട്ടില്ല. ഗതാഗതവകുപ്പിനു കീഴില്‍ റോഡുകളും റോഡിനു കുറുകെ പാലങ്ങളും ഹൈവേകളും പിന്നെ വാഹനാപകടങ്ങളും മറ്റുമായി അനവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതിനാല്‍ മന്ത്രിക്ക് കെഎസ്ആര്‍ടിസി എന്നു കേള്‍ക്കാന്‍പോലും സമയവുമില്ല.
പ്രാപ്തനായ എംഡി ഉള്ളതിനാല്‍ വലിയൊരു തലവേദന തനിക്ക് ഒഴിഞ്ഞുകിട്ടി എന്ന മട്ടിലാണ് മന്ത്രിയുടെ നടപ്പ്. എംഡിയാണെങ്കില്‍ സര്‍വതന്ത്ര സ്വതന്ത്ര ഭരണം നടത്തിപ്പോരുകയാണ്. ആകെ ഒരാളോട് മാത്രമേ എംഡിക്ക് കടപ്പാടും ഉത്തരം പറയേണ്ട ആവശ്യവും ഉള്ളൂ. അത് മുഖ്യമന്ത്രിയാണ്. ഒരു ഉദ്യോഗസ്ഥനു നേരിട്ട് മുഖ്യമന്ത്രിയുമായി ബന്ധം പുലര്‍ത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ വകുപ്പും വകുപ്പുമന്ത്രിയും അപ്രസക്തമാവുന്നു! അതുകൊണ്ട് മന്ത്രിയോ മന്ത്രിയുടെ സ്റ്റാഫോ ഫോണ്‍ വിളിച്ചാല്‍ പോലും ഉദ്യോഗസ്ഥന്‍ എടുക്കണമെന്നില്ല.
മുഖ്യമന്ത്രിക്കാണെങ്കില്‍ കെഎസ്ആര്‍ടിസിയോട് പ്രത്യേകം താല്‍പര്യവുമുണ്ട്. അദ്ദേഹത്തിന്റെ രണ്ടാംവര്‍ഷത്തിലെ പ്രോഗ്രസ് കാര്‍ഡ് പരിശോധിച്ചാല്‍ അതു വ്യക്തമാവും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,140 കോടി രൂപ സര്‍ക്കാര്‍ വായ്പ ഇനത്തില്‍ കെഎസ്ആര്‍ടിസിക്കു നല്‍കിയിട്ടുണ്ട്. ദേശസാല്‍കൃത ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3,350 കോടി രൂപ 9.2 ശതമാനം പലിശനിരക്കില്‍ 20 വര്‍ഷ കാലാവധിയോടെ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഇനത്തില്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 60 കോടി രൂപ ലാഭിക്കാം. ഈ പ്രഖ്യാപനപ്രകാരം മാസം 60 കോടി രൂപ ലാഭമുണ്ടാക്കിയില്ലെങ്കില്‍ മൂന്നാംവര്‍ഷത്തെ പ്രോഗ്രസ് റിപോര്‍ട്ടില്‍ എന്തെഴുതും?
ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഗതാഗതമന്ത്രിയും വിചാരിച്ചാലൊന്നും മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നു ലാഭമുണ്ടാക്കാന്‍ കഴിയുകയില്ല. തന്റെ വിശ്വസ്തരില്‍ വിശ്വസ്തനായ ഐപിഎസ് ഉദ്യോഗസ്ഥന് ആ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി പ്രതീക്ഷിക്കുന്നു. പക്ഷേ, ലാഭമുണ്ടാക്കാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. അപ്പോഴാണ് പുതിയ എംഡി സ്ഥാപനം കരകയറ്റി ലാഭമുണ്ടാക്കാന്‍ ഒറ്റമൂലി നിര്‍ദേശം സര്‍ക്കാരിന്- അല്ല മുഖ്യമന്ത്രിക്ക്- സമര്‍പ്പിച്ചത്. അതിന്റെ രത്‌നചുരുക്കം ഇതാണ്: സ്വകാര്യ ബസ്സുകളെല്ലാം വാടകയ്‌ക്കെടുത്ത് കെഎസ്ആര്‍ടിസി ഓടിക്കുക. സ്വകാര്യ ബസ് ഉടമകള്‍ തന്നെ ഡ്രൈവറെയും ബസ്സും ലഭ്യമാക്കും. ഇന്ധനവും കണ്ടക്ടറും കോര്‍പറേഷന്‍ നല്‍കിയാല്‍ മതി. തൊഴിലാളികള്‍ ഇതിനെ സ്വകാര്യവല്‍ക്കരണം എന്ന് ആക്ഷേപിക്കുന്നതിലാണ് എംഡിക്ക് വല്ലാത്ത വിഷമം. വാസ്തവത്തില്‍ ഇതു ദേശസാല്‍ക്കരണമാണ്. പണ്ട് ഇന്ദിരാഗാന്ധി സ്വകാര്യ ബാങ്കുകളൊക്കെ ദേശസാല്‍ക്കരിച്ചതുപോലെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ദേശസാല്‍ക്കരിക്കല്‍.                                                 ി
Next Story

RELATED STORIES

Share it