സര്‍ക്കാരിന് കിടപ്പറയില്‍ അവകാശമില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികതയെ അംഗീകരിച്ച സുപ്രിംകോടതി വിധി മനുഷ്യ അന്തസ്സിനെ മാനിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. ജനാധിപത്യത്തില്‍ സ്വകാര്യ ജീവിതത്തിന് അവകാശമുണ്ടെന്നും അതില്‍ സര്‍ക്കാരിന് അഭിപ്രായം പറയാനോ ക്രിമിനല്‍ക്കുറ്റമാക്കി അവരെ അറസ്റ്റ് ചെയ്യാനോ അവകാശമില്ല. സര്‍ക്കാരുകള്‍ക്ക് ജനങ്ങളുടെ കിടപ്പുമുറിയിലും വീട്ടിലും കടന്നുകയറാനുള്ള അവകാശമില്ലെന്നാണ് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് തരൂര്‍ പറഞ്ഞത്.
വിധി ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ളതാണ്. ഈ രാജ്യത്ത് എല്ലാവര്‍ക്കും തുല്യ അവകാശമുണ്ട്. താന്‍ പാര്‍ലമെന്റിലും ഇതാണു പറയാന്‍ ശ്രമിച്ചതെന്നും തരൂര്‍ പറഞ്ഞു. സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കാന്‍ രണ്ടുതവണ തരൂര്‍ പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ബിജെപി എംപിമാര്‍ ഇതു തടസ്സപ്പെടുത്തുകയായിരുന്നു.
വിധി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ സമത്വവും സുതാര്യവുമായ സമൂഹത്തിന്റെ തുടക്കമാവട്ടെ വിധിയെന്നും കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.
അതേസമയം, വിധി സ്വാഗതം ചെയ്തുകൊണ്ട് നിരവധി രാഷ്ട്രീയ, സാംസ്‌കാരിക പ്രമുഖര്‍ രംഗത്തെത്തി. ചരിത്രപരമായ വിധിയെന്നാണ് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ വിധിയെ വിശേഷിപ്പിച്ചത്. രാജ്യത്തിന് അതിന്റെ ഓക്‌സിജന്‍ തിരിച്ചുകിട്ടിയിരിക്കുന്നെന്നും കരണ്‍ കുറിച്ചു.
377 ഭാഗികമായി റദ്ദാക്കിയ സുപ്രിംകോടതിക്ക് നന്ദി. എല്ലാവര്‍ക്കും തുല്യാവകാശം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക് ഇതു ചരിത്രദിവസമാണ്. നിയമവ്യവസ്ഥ അതിന്റെ കടമ നിര്‍വഹിച്ചെന്നാണ് ബോളിവുഡ് താരം ആമിര്‍ഖാന്‍ പറഞ്ഞത്.
ഋത്വിക് റോഷന്‍, വിദ്യാബാലന്‍, അനുഷ്‌ക ശര്‍മ, രണ്‍വീര്‍ സിങ്, സോനം കപൂര്‍, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, അഭിഷേക് ബച്ചന്‍, സ്വരാ ഭാസ്‌കര്‍, ജോണ്‍ എബ്രഹാം, പ്രീതി സിന്റ, റിതേഷ് ദേശ്മുഖ് തുടങ്ങി ബോളിവുഡിലെ നിരവധിപേര്‍ വിധിയെ സ്വാഗതംചെയ്തുകൊണ്ട് രംഗത്തെത്തി.



Next Story

RELATED STORIES

Share it