malappuram local

സര്‍ക്കാരിന്റെ നിര്‍ദേശമില്ലാതെ അലൈന്‍മെന്റ് മാറ്റാനാവില്ല

തിരൂരങ്ങാടി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിലവിലെ പ്രവര്‍ത്തികളെല്ലാം സര്‍ക്കാറിന്റെ നിര്‍ദേശവും ഉത്തരവ് പ്രകാരമാണ് നടക്കുന്നതെന്നും അലൈന്‍മെന്റ് മാറ്റാനാവില്ലെന്നും ഡെപ്യൂട്ടി കലക്ടര്‍ ജെ ഒ അരുണ്‍കുമാര്‍. എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിലെ ഭൂമി ഏറ്റെടുക്കലുമായുള്ള നടപടി ക്രമങ്ങളുടെ വിശദീകരണവും ഇരകളുടെ പരാതി കേള്‍ക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനുമായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി കലക്ടര്‍.
ഇപ്പോള്‍ നടക്കുന്ന സര്‍വ്വേകള്‍ ഒരു തരത്തിലും നിര്‍ത്തിവെക്കാനാവില്ല. ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അവരുടെ വീടും സ്വത്തുക്കളുമെല്ലാം പോവുന്ന സ്ഥിതിഗതിയും വേദനയുമെല്ലാം അറിയാം. സര്‍ക്കാറിന്റെ അറിയിപ്പ് കിട്ടാതെ ഒന്നും ചെയ്യാനാവില്ല.  സ്ഥലവും വീടും മറ്റു കെട്ടിടങ്ങളുമെല്ലാം നഷ്ടപ്പെടുമ്പോള്‍ അതിന് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെതായ ഭൂമിയുണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ ജനവാസ കേന്ദ്രത്തിലേക്ക് കയറി പാവപ്പെട്ടവരെ കുടിയിറക്കുന്ന  പ്രവണത അവസാനിപ്പിക്കണമെന്നും സര്‍ക്കാറിന്റെ ഭൂമി തന്നെ ഉപയോഗപ്പെടുത്തണമെന്നുമാണ് ഇവിടെയെത്തിയ ഇരകള്‍ ഒന്നടങ്കം കലക്ടറോട് ആവശ്യപ്പെട്ടത്.
അതിനുള്ള ശ്രമം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവണം. സ്ത്രീകളും പുരുഷന്‍മാരുമടക്കം നൂറിലേറെ പേര്‍ പങ്കെടുത്ത യോഗത്തില്‍ കൃത്യമായ മറുപടി നല്‍കാതെ എല്ലാം സര്‍ക്കാര്‍ നിര്‍ദേശമാണെന്നുള്ള മറുപടി മാത്രമാണുണ്ടായത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുപ്പേരി സുബൈദ, വൈസ് പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹീംകുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ലിയാഖത്തലി, കള്ളിയത്ത് റുഖിയ, എന്‍ വി നഫീസ പങ്കെടുത്തു. തിരൂരങ്ങാടി സി.ഐ ഇ സുനില്‍കുമാര്‍, എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it