സര്‍ക്കാരിന്റെ ഏകാധിപത്യ രീതി അവസാനിപ്പിക്കണം: പ്രതിപക്ഷം

തിരുവനന്തപുരം: ജനങ്ങളുമായി ചര്‍ച്ച നടത്തി അവരെ വിശ്വാസത്തിലെടുക്കാതെ പോലിസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി പിടിച്ചെടുക്കുന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതിയാണ് വേങ്ങരയിലെ എആര്‍ നഗറിലും സംഘര്‍ഷത്തിനു കാരണമായതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദേശീയപാത വികസനത്തിനായി അലൈന്‍മെന്റ് മാറ്റിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അവരെ ശത്രുരാജ്യക്കാരെ നേരിടുന്നതുപോലെയാണ് പോലിസ് തല്ലിച്ചതച്ചത്.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ  യാതൊരു ദയയുമില്ലാതെ പോലിസ് മര്‍ദിച്ചു. പിഞ്ചു കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളിലേക്ക് കടന്നുകയറിയും പോലിസ് അക്രമം അഴിച്ചുവിട്ടു. നേരത്തേ കീഴാറ്റൂരിലും കുറ്റിപ്പുറം മുതല്‍ കീഴാറ്റൂര്‍ വരെയുള്ള ദേശീയപാതയുടെ സ്ഥലമെടുപ്പിലും പിണറായി സര്‍ക്കാര്‍ ഇതേ ധാര്‍ഷ്ട്യമാണ് കാണിച്ചത്.
നിരാലംബരായ സാധാരണ ജനങ്ങളെ അടിച്ചൊതുക്കി അവരുടെ ഭൂമി ബലമായി പിടിച്ചെടുക്കുന്ന കാടത്തമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ല. വേങ്ങരയില്‍ സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവച്ചു ജനങ്ങളുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാവണമെന്നു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it