സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള മഹാസഖ്യത്തിന്റെ വിളംബരം: കോടിയേരി

തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഒരു മഹാസഖ്യത്തിന്റെ വിളംബരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസും മാവോവാദികളും എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫിലെ കമ്മ്യൂണിസ്റ്റുവിരുദ്ധരുമെല്ലാം ചേര്‍ന്നാണ് ഇതിന് രൂപംകൊടുത്തിരിക്കുന്നത്.
കീഴാറ്റൂരിലെ ഇക്കൂട്ടരുടെ സമരാഭാസം സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹികജീവിതത്തിലും ദൂരവ്യാപകവും അനാരോഗ്യകരവുമായ ചില പ്രവണതകള്‍ ഉയര്‍ത്തുന്നതാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കോടിയേരി വ്യക്തമാക്കി.
ജാതിമത വര്‍ഗീയ ശക്തികളുടെ വളര്‍ച്ചയ്ക്ക് വഴിതുറക്കാനും രാട്രീയത്തെ വര്‍ഗീയവല്‍ക്കരിക്കാനും വികസനത്തെ മുരടിപ്പിക്കാനുമാണ് ഇത് ഉപകരിക്കുക. കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ നിന്നു പുറത്താക്കി വലതുപക്ഷ വര്‍ഗീയ രാഷ്ട്രീയ അജണ്ടയില്‍ എത്തിക്കാനുള്ള ഗൂഢ പദ്ധതിയാണ് ഇതില്‍ ഒളിഞ്ഞിരിക്കുന്നത്.
കീഴാറ്റൂര്‍ ഇന്നൊരു സ്ഥലനാമം മാത്രമല്ല. വികസനം, പരിസ്ഥിതി തുടങ്ങിയവയെ ആസ്പദമാക്കിയുള്ള ചര്‍ച്ചയുടെ കേന്ദ്രവിഷയമെന്ന നിലയിലാണ് ചിലരെല്ലാം ഈ സ്ഥലനാമത്തെ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന ഗൂഢമായ ചില ആലോചനകളുടെ ഭാഗമായി കീഴാറ്റൂരില്‍ നിന്ന് ആരംഭിച്ചിരിക്കുന്ന വിഭാഗീയ സമരത്തിന് മാധ്യമങ്ങള്‍ പൊതുവില്‍ വലിയ പ്രചാരമാണ് നല്‍കിയത്.
വികസനപദ്ധതികളുടെ പശ്ചാത്തലത്തില്‍ പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതോ അഭിപ്രായം പ്രകടിപ്പിക്കുന്നതോ അപരാധമല്ല. പരിസ്ഥിതിക്കും പരിസരവാസികള്‍ക്കും ഉപദ്രവമാണോ, അത് പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ടോ എന്നെല്ലാം ഒരു പദ്ധതിയുടെ വിലയിരുത്തലില്‍ പ്രസക്തമാണ്.
മനുഷ്യരും പരിസ്ഥിതിയും ഒരുപോലെ ബന്ധപ്പെട്ടുകിടക്കുന്നതാണ് 'വികസനം'. അതിനാല്‍ വികസനം സാധ്യമാവുന്നത് ഏതുവിധത്തിലെന്നത് പരിഗണിക്കേണ്ടതാണെന്നും കോടിയേരി വ്യക്തമാക്കി. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. അത് മറച്ചുവച്ച് പ്രകൃതിയെ നശിപ്പിക്കാന്‍ നില്‍ക്കുന്നവരാണ് സംസ്ഥാനഭരണക്കാരെന്ന പ്രതിച്ഛായ വ്യാജമായി സൃഷ്ടിക്കാനാണ് വിരുദ്ധശക്തികളുടെ ശ്രമം. എന്നാല്‍, ഇത്രമാത്രം പ്രകൃതിയെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം നടത്തിയ മറ്റൊരു സംസ്ഥാന സര്‍ക്കാരിനെ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനാവില്ല. ഈ സര്‍ക്കാരിനെ പരിസ്ഥിതിവിരുദ്ധരും പ്രകൃതിസംരക്ഷണത്തില്‍ താല്‍പ്പര്യമില്ലാത്തവരുമായി ചിത്രീകരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന അപഹാസ്യതയാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it