സര്‍ക്കാരിനു തിരിച്ചടി; ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കില്ല

തിരുവനന്തപുരം: പോലിസ് കസ്റ്റഡിയിലിരിക്കെ മര്‍ദനത്തിന് ഇരയായി നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് മരിച്ച കേസില്‍ അന്വേഷണം സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനു തിരിച്ചടി.  കേസ് അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി സിബിഐ കത്തു നല്‍കി.
മരണത്തിന് ഉത്തരവാദികളായ പോലിസുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന സമരം 764 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്. 35 ദിവസമായി നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന്റെ ആരോഗ്യനില വഷളായിട്ടുണ്ട്.
ഇക്കഴിഞ്ഞ 3നാണ് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എസ് പി ആര്‍ ത്രിപാഠി കേസ് ഏറ്റെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. ശ്രീജീവിന്റെ മരണം അപൂര്‍വമായ സംഭവമല്ലെന്നും കേസുകളുടെ ആധിക്യവും ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം തള്ളിയത്.
എന്നാല്‍, ആവശ്യമുന്നയിച്ച് കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിനു വീണ്ടും കത്തയക്കാനാണ് കേരളത്തിന്റെ തീരുമാനം. കത്തെഴുതാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സമരം നടത്തുന്ന സഹോദരന്‍ ശ്രീജിത്തിനോട് അനുഭാവപൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ശ്രീജീവിനെ അന്നത്തെ പാറശാല സിഐ ബി ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്ന് പോലിസ് കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും ഇതിന് സിവില്‍ പോലിസ് ഓഫിസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പോലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞതായും കംപ്ലയിന്റ് അതോറിറ്റി ഉത്തരവിലുണ്ട്.
ഇതേ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കാന്‍ അന്നത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഉത്തരവിട്ടിരുന്നു.  എന്നാല്‍, ആരോപണവിധേയര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. ഈ സാഹചര്യത്തില്‍ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ 2017 ജൂലൈ 18ന് കത്ത് നല്‍കിയത്.
നിലവില്‍ ഈ കേസ് ഒരു ഏജന്‍സിയും അന്വേഷിക്കുന്നില്ല. ആരോപണവിധേയരായ പോലിസുകാര്‍ നടപടി നേരിടാതെ സേനയില്‍ തുടരുകയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന തന്നെ പോലിസ് പല തവണ ഉപദ്രവിക്കുകയും പിന്‍മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ശ്രീജിത്ത് പറയുന്നു.
Next Story

RELATED STORIES

Share it