Flash News

സര്‍ക്കാരിനു തിരിച്ചടി: ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചു

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതു സംബന്ധിച്ച ബില്ല് ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ തിരിച്ചയച്ചു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണിത്. ഭരണഘടനയുടെ 200ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നടപടി.
വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ ബില്ല് ഗവര്‍ണര്‍ തിരിച്ചയച്ചത് സര്‍ക്കാരിനും പ്രതിപക്ഷത്തിനും വലിയ തിരിച്ചടിയായി. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയാണ് ബില്ല് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. ബില്ല് നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ രേഖപ്പെടുത്തിയിരുന്നു. കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുതന്നെയാണ് ബില്ല് ഗവര്‍ണര്‍ മടക്കുന്നതില്‍ വഴിത്തിരിവായതും.
നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് നേരിട്ടെത്തിയാണ് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് ബില്ല് ഉള്‍പ്പെടെ ആറു ബില്ലുകളും 13 ഓര്‍ഡിനന്‍സുകളും അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് ഇന്നലെ നല്‍കിയത്. നിയമ സെക്രട്ടറിയുമായി ഗവര്‍ണര്‍ കുറച്ചു സമയം ആശയവിനിമയം നടത്തി. ബില്ല് വെള്ളിയാഴ്ച രാത്രി രാജ്ഭവനില്‍ എത്തിച്ചുവെന്ന പ്രചാരണത്തില്‍ നിയമ വകുപ്പ് സെക്രട്ടറിയെ അതൃപ്തി അറിയിച്ച ഗവര്‍ണര്‍ വൈകീട്ടോടെ ബില്ല് മടക്കുകയായിരുന്നു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സുപ്രിംകോടതി ഉത്തരവ് മറികടക്കാനാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ ബില്ല് പാസാക്കാന്‍ ശ്രമിച്ചത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടുവച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തേ സുപ്രിംകോടതി സ്റ്റേ ചെയ്തിരുന്നു. ഈ വര്‍ഷത്തേക്ക് ഈ രണ്ടു കോളജുകളിലേക്കുമുള്ള പ്രവേശനം കോടതി തടയുകയും ചെയ്തു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയും തള്ളി. ഈ വിധി മറികടക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബില്ല് ഗവര്‍ണര്‍ തിരിച്ചയക്കുകയാണെങ്കില്‍ അപ്പോള്‍ ആലോചിച്ച് നിലപാട് എടുക്കാമെന്ന ധാരണയിലായിരുന്നു സര്‍ക്കാര്‍.
ബില്ല് വീണ്ടും സമര്‍പ്പിച്ചാല്‍ സാധാരണഗതിയില്‍ ഗവര്‍ണര്‍ അംഗീകരിക്കുകയാണ് പതിവ്. അങ്ങനെ വന്നാല്‍ സുപ്രിംകോടതിയില്‍ നിന്നുള്ള നടപടി സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. ബില്ല് അസാധുവാക്കുന്നത് അടക്കമുള്ള നടപടി കോടതിക്കു സ്വീകരിക്കാനാവും. കോടതി കര്‍ശനമായി വിലക്കിയിട്ടും നിലപാടുമായി മുന്നോട്ടുപോയ മന്ത്രിസഭയും ഉദ്യോഗസ്ഥരും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിയും വരും.
നേരത്തേ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ബില്ല് കോടതി റദ്ദാക്കിയ അനുഭവം ഇടതു സര്‍ക്കാരിനുണ്ട്. അതുകൊണ്ടുതന്നെ ബില്ലുമായി ഇനി മുന്നോട്ടുപോവാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല എന്നാണ് സൂചന.
Next Story

RELATED STORIES

Share it