Flash News

സര്‍ക്കാരിനു താക്കീതായി സംവരണ സംരക്ഷണ റാലി

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണ നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ സംവരണ വിഭാഗങ്ങള്‍ പുതിയ പോരാട്ടത്തിനു തുടക്കംകുറിക്കുമെന്നു സംയുക്ത സമിതി ജനറല്‍ കണ്‍വീനറും കെപിഎംഎസ് ജനറല്‍ സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍. പട്ടികജാതി, പട്ടികവര്‍ഗ സംയുക്ത സമിതിയും സാമൂഹിക സമത്വ മുന്നണിയും സംയുക്തമായി സംഘടിപ്പിച്ച സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിലപാടിനെതിരേ നിയമപരമായ വഴികള്‍ തേടുന്നതോടൊപ്പം താഴേത്തട്ടു മുതല്‍ ആശയ പ്രചാരണത്തിനും വിപുലമായ പ്രക്ഷോഭങ്ങള്‍ക്കും രൂപംനല്‍കും. കേരളത്തില്‍ സാമ്പത്തിക സംവരണം എന്ന സിദ്ധാന്തത്തിന്റെ സന്ദേശം ഉയരുന്നതു സംവരണ വിഭാഗങ്ങളെ ഉല്‍ക്കണ്ഠപ്പെടുത്തുന്നു.  അതിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു സംവരണ വിഭാഗങ്ങള്‍ കേരളത്തില്‍ നിന്നുതന്നെ ഈ പ്രക്ഷോഭത്തിലൂടെ തുടക്കംകുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്വയം കുഴിതോണ്ടുകയാണ്. കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ സാമ്പത്തിക സംവരണ വാദത്തെ കുബേര സിദ്ധാന്തമെന്നു പറഞ്ഞു തള്ളിക്കളഞ്ഞതാണ്. സാമ്പത്തിക സംവരണത്തെ സാധൂകരിക്കുന്ന യാതൊരുവിധ പഠനവും ഇതുവരെ സംസ്ഥാനത്തു നടന്നിട്ടില്ല. ഒരു പ്രക്ഷോഭം പോലുമില്ലാതെയാണു മുന്നാക്ക പ്രീണനത്തിനു സര്‍ക്കാര്‍ തയ്യാറായത്. സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമിതി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിവിധ സമുദായ സംഘടനാ നേതാക്കളായ എ സി ബിനുകുമാര്‍, എ എസ് കുട്ടപ്പന്‍ ചെട്ടിയാര്‍, ടി എ അഹ്മദ് കബീര്‍ എംഎല്‍എ, എ നീലലോഹിതദാസന്‍ നാടാര്‍, കുട്ടി അഹമ്മദ്കുട്ടി, മധുസൂദനന്‍, മൂവാറ്റുപുഴ അശ്‌റഫ് മൗലവി, വി സുഭാഷ് ബോസ്, മഞ്ചയില്‍ വിക്രമന്‍, പ്രഫ. അബ്ദുല്‍ റഷീദ്, പ്രഫ. തോന്നയ്ക്കല്‍ ജമാല്‍, അഡ്വ. പ്രസാദ്, ധന്യാരാമന്‍, സലീന പ്രക്കാനം, മനോജ്, സജന്‍ സി മാധവന്‍, മോഹന്‍ ത്രിവേണി, വി വി കരുണാകരന്‍, ടി ജി ഗോപാലകൃഷ്ണന്‍ നായര്‍, കെ എ ഷഫീക്ക്, വി സുല്‍ഫി, പ്രദീപ് നെന്മാറ, ജഗതി രാജന്‍, കെ ജി അരവിന്ദാക്ഷന്‍, സണ്ണി എം കപിക്കാട്, വി ശ്രീധരന്‍, എല്‍ രമേശന്‍, എന്‍ കെ അലി സംസാരിച്ചു.രാവിലെ 10.30നു ഗാന്ധിപാര്‍ക്കില്‍ നിന്നും വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച പതിനായിരങ്ങള്‍ പങ്കെടുത്ത സംവരണ സംരക്ഷണ റാലി സെക്രേട്ടറിയറ്റ് നടയില്‍ സമാപിച്ചു. പ്രതിഷേധ സംഗമം വൈകീട്ട് നാലു വരെ നീണ്ടു. കെപിഎംഎസ്, വിഎസ്ഡിപി, മുസ്്‌ലിം ലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപുലര്‍ഫ്രണ്ട്, വിപിഎംഎസ്, കേരള യാദവസഭ, എംബിസിഎഫ്, കെവിവിഎസ്, കാംപസ് ഫ്രണ്ട്, കേരള പത്മശാലിയ സംഘം, അഖില കേരള എഴുത്തച്ഛന്‍ സമാജം, അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ, അഖില കേരള വിശ്വകര്‍മ മഹാസഭ, കേരള മണ്‍പാത്ര നിര്‍മാണ സമുദായ സഭ, കേരള വെളുത്തേടത്തു നായര്‍ സമാജം തുടങ്ങീ വിവിധ സംഘടനകളുടെ ബാനറില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. കേരളത്തിലെ 70ഓളം സംവരണ സമുദായ സംഘടനകളുടെ പ്രാതിനിധ്യമുണ്ടായതായി സംഘാടകര്‍ അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it