malappuram local

സമ്മര്‍ദം: തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ രാജിവച്ചു

തിരൂര്‍: നഗരസഭാ ചെയര്‍മാന്‍ സിപിഎമ്മിലെ അഡ്വ.എസ് ഗിരീഷ് രാജിവച്ചു. ഇന്നലെ രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് ചെയര്‍മാന്‍ ഗിരീഷ്  രാജിവച്ചത്. സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം ഇന്നലെ  രാവിലെയാണ് നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത് ഇന്നലെ രാവിലെ ഒന്‍പതോടെയാണ് സിപിഎം ജില്ലാ നേതൃത്വം ചെയര്‍മാനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ്  രാജിക്കാര്യം ചെയര്‍മാന്‍ അറിയിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം പറഞ്ഞത്. തിരൂര്‍ ഡവലപ്—മെന്റ് ഫോറം (ടിഡിഎഫ്)എന്ന പ്രാദേശിക കൂട്ടായ്മയുമായി സഹകരിച്ചായിരുന്നു സിപിഎം കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ മുന്നണി ബന്ധം സിപിഎമ്മിന് ഗുണം ചെയ്തു.
യുഡിഎഫ് ഭരിച്ചിരുന്ന നഗരസഭയില്‍ 38ല്‍ 19 സീറ്റു നേടാന്‍ മുന്നണിയായി. യുഡിഎഫ് 18 ഉം ബിജെപി ഒരു സീറ്റും നേടി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് -ടിഡിഎഫ് സഖ്യം ഭരണത്തിലേറിയത്. മുന്നണി ധാരണ പ്രകാരം ആദ്യരണ്ട് വര്‍ഷവും അവസാന ഒരു വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം സിപിഎമ്മിനും അതിനിടയിലെ രണ്ടു വര്‍ഷം ചെയര്‍മാന്‍ പദവി ടിഡിഎഫിനും എന്ന് വ്യവസ്ഥയുണ്ടായിരുന്നു. ആദ്യ രണ്ടു വര്‍ഷം സിപിഎം ചെയര്‍മാന്‍ പദവി വഹിക്കുമ്പോള്‍ വൈസ് ചെയര്‍മാന്‍ ടിഡിഎഫിനായിരിക്കണമെന്നും ഈ പദവി രണ്ടു വര്‍ഷക്കാലാവധിക്കു ശേഷം സിപിഐക്ക് നല്‍കണമെന്നും കരാര്‍ ചെയ്തിരുന്നു.
ധാരണ പ്രകാരം രണ്ടു വര്‍ഷത്തിനു ശേഷം വൈസ് ചെയര്‍പേഴ്‌സണ്‍ പദവി വഹിച്ചിരുന്ന ടിഡിഎഫിലെ നാജിറാ അഷ്‌റഫ് രാജിവെച്ചു. പകരം സിപിഐയിലെ കിഴക്കാം കുന്നത്ത് മുനീറ തല്‍സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
എന്നാല്‍ ആ സമയം സിപിഎം ചെയര്‍മാന്‍ പദവി ഒഴിഞ്ഞു കൊടുത്തില്ല. അതിനിടയിലാണ് നിയമസഭാ തെരെഞ്ഞെടുപ്പ് വന്നത്. നിയമസഭാ തെരെഞ്ഞെടുപ്പില്‍ ടിഡിഎഫ് നേതാക്കളായ വി അബ്ദുറഹിമാന്‍ താനൂരില്‍ നിന്നും ലില്ലി ഗഫൂര്‍ തിരൂരില്‍ നിന്നും എല്‍ഡിഎഫ് സ്വതന്ത്രരായി ജനവിധി തേടി. തിരഞ്ഞെടുപ്പില്‍ വി അബ്ദുറഹിമാന്‍ വിജയിച്ചു. അക്കാരണത്താല്‍ ടിഡിഎഫിന് സിപിഎമ്മില്‍ സമ്മര്‍ദ്ദം ചെലുത്താന്നാവാത്തതാണ് ചെയര്‍ പദവി സ്ഥാനത്തെ രാജി നീട്ടികൊണ്ടു പോകാന്‍ സിപിഎം ശ്രമിച്ചതെന്നാണ് വിവരം. ഇത്  വിവാദമാവുകയും രാജിക്ക് ഉന്നത തലത്തില്‍ സമ്മര്‍ദ്ദമേറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഗിരീഷിന്റെ രാജി. എല്‍ഡിഎഫ് പക്ഷത്ത് സിപിഎം നാല്, സിപിഐ രണ്ട്, ടിഡിഎഫ് ആറ് സ്വതന്ത്രര്‍ ഏഴു പേര്‍ ഉള്‍പ്പടെ 19 കൗണ്‍സിലര്‍മാരാണുള്ളത്. ചെയര്‍മാന്‍ പദവി രാജിക്കാര്യം നീണ്ടു പോയതോടെ തക്കം മുതലെടുക്കാന്‍ യുഡിഎഫും ചില കരുനീക്കങ്ങള്‍ നടത്തി. സ്വതന്ത്രനെ മറുകണ്ടം ചാടിച്ച് ഭരണമാറ്റത്തിന് ശ്രമിച്ചു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച ഫലം കാണുമെന്ന ഘട്ടത്തിലെത്തി. ഇതാണ് ചെയര്‍മാന്റെ പെട്ടെന്നുള്ള രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.
എന്നാല്‍ പുതിയ ചെയര്‍മാന്‍ ആരെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it