wayanad local

സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശനയജ്ഞം : വീട് സന്ദര്‍ശനത്തിന് വന്‍ സ്വീകാര്യത



കല്‍പ്പറ്റ: നവകേരള മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന യജ്ഞത്തിന് ജില്ലയില്‍ വന്‍ സ്വീകാര്യത. വിവിധ ഭാഗങ്ങളില്‍ നടന്ന വീട് സന്ദര്‍ശനം  ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കല്‍പ്പറ്റയില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം പുളിയാര്‍മല വാടോത്ത് കോളനിയിലെ വീടുകള്‍ സന്ദര്‍ശിച്ചു. വീടുകള്‍ കയറി എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കൂലിപ്പണി ചെയ്തു ജീവിക്കുന്ന വാടോത്ത് ദേവകിയുടെ വീട്ടിലെത്തിയ എംഎല്‍എ സര്‍വേയുടെ ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി. നഗരസഭാ രണ്ടാംവര്‍ഡ് അംഗം ടി മണി, പുളിയാര്‍മല ജിയുപിഎസ് പ്രധാനാധ്യാപിക കെ ശ്രീധരി, എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ എം ഒ സജി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി,  എഡിഎം കെ എം രാജു തുടങ്ങി വിവിധ മേഖലയിലുള്ള പ്രമുഖര്‍ പരിപാടിയില്‍ വിവിധ ഇടങ്ങളില്‍ പങ്കാളികളായി. ജില്ലയിലെ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും വീടുകളും കോളനികളും സന്ദര്‍ശിച്ചു. വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സംഘങ്ങളായി സര്‍വേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രചാരണവും നടത്തി. ഇന്നലെ രാവിലെ സന്നദ്ധപ്രവര്‍ത്തകര്‍ സമീപ വിദ്യാലയത്തിലെത്തി സ്‌ക്വാഡുകളായി അതാതു വിദ്യാലയങ്ങളില്‍ നിന്നു ലഭിച്ച സര്‍വേ ഫോറം, എംഎല്‍എമാരുടെ കത്ത്, മഴക്കാല ശുചീകരണ ലഘുലേഖ എന്നിവ വീടുകള്‍ കയറിയിറങ്ങി വിതരണം ചെയ്തു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രചാരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഗൃഹസന്ദര്‍ശന പരിപാടിയുടെ മാനന്തവാടി മണ്ഡലംതല ഉദ്ഘാടനം തിരുനെല്ലി പ്ലാമൂല കോളനിയില്‍ ഒ ആര്‍ കേളു എംഎല്‍ എ നിര്‍വഹിച്ചു. എംഎല്‍എയുടെ അഭ്യര്‍ഥന അടങ്ങിയ ലഘുലേഖ മണ്ഡലങ്ങളിലെ ഭൂരിപക്ഷം വീടുകളിലും എത്തിക്കഴിഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ മാനന്തവാടി ഉപജില്ലാ വിദ്യഭ്യാസ ഓഫിസര്‍ കെ രമേശന്‍, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ ജി എന്‍ ബാബുരാജ്, വാര്‍ഡ് മെംബര്‍ ശ്രീജ റെജി, ഊര് മൂപ്പന്‍ കാര്‍വര്‍ണന്‍ പങ്കെടുത്തു. എടവക പഞ്ചായത്തില്‍ ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന എഡിഎം കെ എം രാജു നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍ പി വാണിദാസ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആഷ മെജോ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആമിന അവറാന്‍, മൂളിത്തോട് ഡോ. ജോസഫ് മെക്കോളിന്‍ പങ്കെടുത്തു. പള്ളിക്കല്‍ ഗവ. എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക വി ആര്‍ ജോളി, ജിഎല്‍പിഎസ് പൈങ്ങാട്ടിരി പ്രധാനാധ്യാപിക മേഴ്‌സി ലൂയിസ്, എഎന്‍എംഎല്‍പിഎസ് എടവക പ്രധാനാധ്യാപിക സിസ്റ്റര്‍ സിനി ഫ്രാന്‍സിസ്, വില്ലേജ് ഓഫിസര്‍ സന്തോഷ് ശിവ നാരായണന്‍ പങ്കെടുത്തു.പനമരത്ത് നടന്ന ഗൃഹസന്ദര്‍ശനം അരിയില്‍ വീട് കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it