wayanad local

സമ്പൂര്‍ണ വൈദ്യുതീകരണം : ഒരു വര്‍ഷം 18,313 വൈദ്യുതി കണക്ഷനുകള്‍



കല്‍പ്പറ്റ: സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ആദിവാസി വീടുകളടക്കം ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും 23 പഞ്ചായത്തുകളിലുമായി 15,059 ഭവനങ്ങളില്‍ പദ്ധതി പ്രകാരം വൈദ്യൂതി എത്തിച്ചു. ഇതില്‍ 12,841 ബിപിഎല്‍ കുടുംബങ്ങളും 1,830 പട്ടികജാതി വിഭാഗക്കാരും 7,693 പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടും. 7,298 ആദിവാസി വീടുകളുടെ വയറിങ് ജോലികള്‍ കെഎസ്ഇബി ഏറ്റെടുത്ത് നടത്തി. 13.80 കോടി രൂപയാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി ചെലവഴിച്ചത്. കാടിനുള്ളിലെ കോളനികളില്‍ ഭൂഗര്‍ഭ കേബിളടക്കം സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. സൗജന്യമായി നിര്‍ധന കുടംബങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡും സന്നദ്ധപ്രവര്‍ത്തകരും വയറിങ് പ്രവൃത്തിയും ചെയ്തുകൊടുത്തിട്ടുണ്ട്. 14,908 വീടുകളിലും 151 അങ്കണവാടികളിലും വെളിച്ചമെത്തിച്ചു. എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട്, ഡിഡിയുജിജെവൈ പദ്ധതി, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രൈബല്‍ ഡിപാര്‍ട്ട്‌മെന്റിന്റെയും ഫണ്ട്, കെഎസ്ഇബിയുടെ തനത് ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് ഇതു സാധ്യമാക്കിയത്. 2016 മെയ് മുതല്‍ ഏപ്രില്‍ വരെ 48.75 കിലോമീറ്റര്‍ ദൂരം 11 കെവി ഓവര്‍ ഹെഡ്‌ലൈന്‍ പൂര്‍ത്തിയായി. 240 കിലോമീറ്റര്‍ എല്‍ടി ലൈനുകളും 62 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. 66 കെവി സബ് സ്റ്റേഷനുകളായ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, അഞ്ചുകുന്ന്, കൂട്ടമുണ്ട സബ് സ്റ്റേഷനുകളെ 110 കെവിയായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നെന്മേനി, അമ്പലവയല്‍, മുട്ടില്‍, മൂപ്പൈനാട്, മീനങ്ങാടി പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള വൈദ്യുതി ഉപഭോക്താക്കളുടെ വോള്‍ട്ടേജ് ക്ഷാമത്തിന് ഇതോടെ പരിഹാരമാവും. അമ്പലവയലില്‍ പുതിയതായി 110 കെവി സബ് സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു. വെള്ളമുണ്ട തവിഞ്ഞാല്‍ സെക്ഷനുകളെ വിച്ഛേദിച്ച് കോറോം സെക്ഷന്‍ ഓഫിസ് തുടങ്ങിയതും നേട്ടമായി.
Next Story

RELATED STORIES

Share it