സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കും: മായാവതി

ബംഗളൂരു: അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം ചേരുമെന്നു ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. എന്‍ഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. സീറ്റ് വിഭജന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്താല്‍ ഉടന്‍ തന്നെ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മായാവതി പറഞ്ഞു.
കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജനതാദള്‍ എസിനു വേണ്ടി പ്രചാരണത്തിനായി ബംഗളൂരുവിലെത്തിയതായിരുന്നു മായാവതി. എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍ സെക്യുലറുമായി ബിഎസ്പി സഖ്യമുണ്ടാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസ് ഇതര ബദലിനായാണ് ബിഎസ്പി ശ്രമിക്കുന്നത്. കഴിഞ്ഞ ഉത്തര്‍പ്രദേശ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും ബിജെപിക്കെതിരേ ഒന്നിച്ച് പ്രവര്‍ത്തിച്ചത് വിജയം കണ്ടിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സിറ്റിങ് സീറ്റായ ഗോരഖ്പൂരും ഉപമുഖ്യമന്ത്രി കേശവ് പ്രധാന്‍ മൗര്യയുടെ ഫുല്‍പൂരും ബിജെപിക്ക് നഷ്ടമായിരുന്നു.
മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിക്ക് മാത്രമേ രാജ്യവ്യാപകമായി എല്ലാ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കഴിയൂവെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉറ്റുനോക്കുന്നത് മായാവതിയാണെന്നും ബിഎസ്പിയുടെ മുതിര്‍ന്ന നേതാവ് ഡാനിഷ് അലി വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ ആദ്യ ദലിത് പ്രധാനമന്ത്രി എന്ന ചരിത്രം സൃഷ്ടിക്കാന്‍ തന്നെയാണ് മായാവതിയുടെ പ്രവര്‍ത്തനമെന്നു വ്യക്തമാണ്.
സീറ്റ് പങ്കിടുന്ന കാര്യത്തിലും മറ്റും ബിഎസ്പിയും ആര്‍ജെഡിയും സംയുക്തമായി പ്രഖ്യാപനം നടത്തും. കര്‍ണാടക തിരഞ്ഞെടുപ്പ് കേന്ദ്രത്തിനു ശക്തമായ ഒരു സന്ദേശമായിരിക്കുമെന്നു മായാവതി പറഞ്ഞു.
Next Story

RELATED STORIES

Share it