സമവായനീക്കം പാളുന്നുശബരിമല: സര്‍ക്കാരിനെ തള്ളി തന്ത്രിയും രാജകുടുംബവും

എസ് ഷാജഹാന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആവശ്യപ്രകാരം ബന്ധപ്പെട്ടവരുമായി ചര്‍ച്ചയ്ക്കു തയ്യാറായെങ്കിലും സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രികുടുംബവും പന്തളം കൊട്ടാരവും അറിയിച്ചു. തന്ത്രികുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസും ഇന്ന് സുപ്രിംകോടതിയില്‍ നല്‍കുന്ന പുനപ്പരിശോധനാ ഹരജിയില്‍ തീരുമാനമായശേഷമേ ചര്‍ച്ച നടത്തൂവെന്ന് തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു. ഇന്നാണ് മുഖ്യമന്ത്രിയും തന്ത്രികുടുംബവുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. കോടതിവിധി നടപ്പാക്കുമെന്ന് പറഞ്ഞശേഷം ചര്‍ച്ച നടത്തുന്നതിന്റെ യുക്തി എന്താണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ ചോദിച്ചു.
എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടില്‍ അയവു വരുത്തിയിട്ടില്ല. തന്ത്രികുടുംബം ചര്‍ച്ചയ്ക്കു വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. പാര്‍ട്ടി നിലപാടല്ല കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ സംഘപരിവാര സംഘടനകളും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കിയതോടെയാണ് കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനായി തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുന്നതിനു മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചുമതലപ്പെടുത്തിയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി ഉത്തരവിനെതിരേ സംസ്ഥാനത്ത് പലയിടത്തും വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണ്. തിരുവനന്തപുരത്തും കോട്ടയത്തും തൃപ്പൂണിത്തുറയിലും പാലായിലും കോഴിക്കോട് മാനാഞ്ചിറയിലും നടന്ന നാമജപഘോഷയാത്രയില്‍ സ്ത്രീകളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

Next Story

RELATED STORIES

Share it