kozhikode local

സമരസമിതി ഭാരവാഹികളെ കസ്റ്റഡിയിലെടുത്തു

ആയഞ്ചേരി: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ആയഞ്ചേരി തുലാറ്റുംനടയില്‍ നിര്‍മിക്കുന്ന പ്രഷര്‍ സ്റ്റേഷനു വേണ്ടി വയല്‍ നികത്തി തുടങ്ങി. വന്‍ പോലിസ് സന്നാഹത്തോടെ ടിപ്പര്‍ ലോറി ഉപയോഗിച്ചാണ് തുലാറ്റുംനടയിലെ 30സെന്റ് സ്ഥലം നികത്തുന്നത്. ഇക്കാര്യം അന്വേഷിക്കാന്‍ സ്ഥലത്തെത്തിയ തുലാറ്റുംനട ഗെയില്‍ വിരുദ്ധ സമര സമിതി കണ്‍വീനര്‍ സി കെ ഇര്‍ഫാദിനെയും കൂടെയുണ്ടായിരുന്ന നടക്കല്‍ മുഹമ്മദലിയെയും പോലിസ് കസ്റ്റഡിയിലെടുത്തു.ഇവരെ പിന്നീട് വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. ഗെയില്‍ സ്വകാര്യ വ്യക്തിയോട് വിലക്കുവാങ്ങിയ തുലാറ്റുംനടയിലെ സ്ഥലമാണ് നികത്തുന്നത്. വയല്‍ നികത്തുന്നത് പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുമെന്നും പൈപ്പ് ലൈന്‍ കടന്നുപോകുന്നത് അപകട സാധ്യത ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഗെയില്‍  വിരുദ്ധ സമര സമിതി രൂപീകരിച്ചിരുന്നു. ആയഞ്ചേരി, വേളം പഞ്ചായത്തുകളുടെ അതിര്‍ത്തികളില്‍ ഏക്കര്‍ കണക്കിന് വയലുകള്‍ ഉള്ളതാണ് കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമായിരുന്നത്. എന്നാല്‍ കോള്‍നില വികസന പദ്ധതിയുടെ ഭാഗമായി ഇവിടെ നിലവിലുണ്ടായിരുന്ന തോടിന് ആഴവും വീതിയും കൂട്ടിയതോടെ പരിസരത്തെ കിണറുകളില്‍ വെള്ളം കുറഞ്ഞു. ഇതുവരെ വറ്റാത്ത കിണറുകള്‍ പോലും കഴിഞ്ഞ വേനലില്‍ വറ്റുകയുണ്ടായി. കോള്‍നില  വികസന പദ്ധതിയാകട്ടെ പാതിവഴിയില്‍ കിടക്കുകയാണ്. ഇനി ഗെയിലിനായി വയല്‍ നികത്തുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗെയില്‍ വിരുദ്ധ സമര സമിതി കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ്് കസ്റ്റഡിയിലെടുത്തതില്‍ ഗെയില്‍ വിരുദ്ധ സമര സമിതി പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it