Articles

സമരമല്ലാതെ അവര്‍ക്ക് മറ്റു വഴികളില്ല

അവകാശങ്ങള്‍  നിഷേധങ്ങള്‍  - അംബിക
അവര്‍ സമരത്തിലാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെ, അകാരണമായി അധികൃതര്‍ അവരെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരിക്കുന്നു. 20ഉം 22ഉം വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജിലെ കക്കൂസുകള്‍ കഴുകിയും ആര്‍ക്കും അറപ്പുതോന്നിക്കുന്ന മാലിന്യങ്ങള്‍ വൃത്തിയാക്കിയും കുടുംബം പോറ്റിയവരാണവര്‍. വീട്ടില്‍ നിന്നു കൊണ്ടുവരുന്ന തുണിയും ചൂലും മറ്റും ഉപയോഗിച്ച് 35 രൂപ ദിവസക്കൂലിക്ക് ആശുപത്രി വൃത്തിയാക്കിയവര്‍. ആറേഴു ജില്ലയില്‍ നിന്ന് അവസാന ആശ്രയമായെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ആവുംവിധം വൃത്തിയാക്കിയവരാണവര്‍. ഏഷ്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രസവങ്ങള്‍ നടക്കുന്ന ആശുപത്രിയാണിത് എന്നതും ഓര്‍ക്കുന്നതു നന്നായിരിക്കും. 2005ല്‍, 35 രൂപകൊണ്ട് ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ മാസങ്ങള്‍ നീണ്ട സമരം നടത്തേണ്ടിവന്നു എന്നതും ചരിത്രം. ഇന്നും സമരരംഗത്ത് സജീവമായി നില്‍ക്കുന്ന ശശിധരനും നളിനി, നിര്‍മല, വിമല, സുഭാഷിണി, വല്‍സല, ശോഭ തുടങ്ങി നിരവധി പേരടങ്ങുന്ന ശുചീകരണത്തൊഴിലാളികളും ജയില്‍വാസമടക്കം നിരവധി പീഡനങ്ങള്‍ അനുഭവിച്ചാണ് അവരുടെ ദിവസവേതനം അന്ന് 100 രൂപയായി വര്‍ധിപ്പിച്ചെടുത്തത്. ഇപ്പോള്‍ ഇവരുടെ ദിവസവേതനം 630 രൂപയായിരിക്കുന്നു. അതുകൊണ്ടുതന്നെ മുമ്പ് ആര്‍ക്കും വലിയ താല്‍പര്യമൊന്നും ഇല്ലാതിരുന്ന ഈ ജോലിക്കുവേണ്ടി ഇപ്പോള്‍ നിരവധിപേര്‍ ഭരണകക്ഷിയുടെ ശുപാര്‍ശയുമായി കാത്തുനില്‍ക്കുന്നുണ്ട്. ഇപ്പോഴും ചിലരെല്ലാം ഈ ജോലിക്കു വന്ന് രണ്ടുദിവസം കഴിയുമ്പോള്‍ ജോലി ചെയ്യാനാവാതെ നിര്‍ത്തിപ്പോവുന്ന അവസ്ഥയുണ്ടാവാറുണ്ടെന്നും ഇവര്‍ പറയുന്നു. എന്തായാലും അധികാരികള്‍ തീരുമാനിച്ചിരിക്കുന്നു ഇനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തി തങ്ങളുടെ സില്‍ബന്തികളായ 300ഓളം പേരെ തിരുകിക്കയറ്റാമെന്ന്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം എന്നു പറഞ്ഞാല്‍ അതിനര്‍ഥം ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ നേതാവിന്റെ കത്തുമായി എത്തുന്നവര്‍ക്ക് ജോലി കൊടുക്കുക എന്നതാണ്. അതു കാലങ്ങളായി തുടര്‍ന്നുവരുന്ന ആചാരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍, ഇക്കാര്യം അനുവദിക്കാനാവില്ലെന്നാണ് ഒന്നുമില്ലായ്മയില്‍ വര്‍ഷങ്ങള്‍ ജോലിചെയ്ത ഈ തൊഴിലാളികള്‍ പറയുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇതേ നടപടി ആരോഗ്യവകുപ്പും ആശുപത്രി ഭരണസമിതിയും ജില്ലാ ഭരണകൂടവും കൈക്കൊണ്ടപ്പോള്‍ തൊഴിലാളികളുടെ ശക്തമായ സമരത്തിനു മുന്നില്‍ അവര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. മാസങ്ങള്‍ നീണ്ട സമരമാണ് അവിടത്തെ ശുചീകരണത്തൊഴിലാളികള്‍ നടത്തിയത്. സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് 48 സ്ത്രീതൊഴിലാളികളെ ഒമ്പതു ദിവസത്തോളം ജയിലിലടച്ചതും നിലവിലെ സര്‍ക്കാരാണ്. ജയിലില്‍ നിരാഹാരമനുഷ്ഠിച്ച് പ്രതിഷേധിക്കുകയാണ് അവര്‍ ചെയ്തത്. എന്തായാലും ശുചീകരണത്തൊഴിലാളികളുടെ ആ സമരം വിജയിക്കുക തന്നെ ചെയ്തു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും ട്രേഡ് യൂനിയനുകളും ഇത്തരം സമരങ്ങളെ അവഗണിക്കുകയാണു പതിവ്. ഇവിടെയും കാര്യങ്ങള്‍ അതില്‍നിന്നു വ്യത്യസ്തമല്ല. തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ കുത്തക അവകാശപ്പെടുന്നവര്‍ ഒരുമാസമായി തുടരുന്ന ഇവരുടെ സമരത്തെ തിരിഞ്ഞുനോക്കുകപോലും ചെയ്തിട്ടില്ല.
ഇത്തരമൊരു സമരത്തെ കുറിച്ച് അറിയില്ലെന്നാണ് സിഐടിയു സംസ്ഥാന സെക്രട്ടറിയും മെഡിക്കല്‍ കോളജ് പരിസരവാസിയുമായ എളമരം കരീം പറഞ്ഞത്. വ്യവസ്ഥാപിത ട്രേഡ് യൂനിയനുകള്‍ നടത്തുന്ന സമരങ്ങള്‍ മാത്രമാണ് തൊഴില്‍സമരമെന്ന നിലപാടാണ് ഇവരെപ്പോലുള്ളവര്‍ വച്ചുപുലര്‍ത്തുന്നത്. പൊമ്പിളൈ ഒരുമൈയും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനുമൊക്കെ നടത്തിയ സമരങ്ങളെപ്പോലും സ്‌പോണ്‍സേര്‍ഡ് സമരമെന്ന് ആക്ഷേപിക്കുന്ന ഇത്തരം ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്ക് ഈ ശുചീകരണത്തൊഴിലാളികളുടെ സമരത്തോടുള്ള നിലപാടും മറ്റൊന്നാവാന്‍ തരമില്ല.
ഈ തൊഴില്‍കൊണ്ടു മാത്രം ജീവിതം മുന്നോട്ടുനീക്കുന്ന 300ഓളം കുടുംബങ്ങളുടെ പ്രശ്‌നത്തെ ഇത്ര നിസ്സാരമായി കാണാനാവുന്നതെങ്ങനെ?
60 വയസ്സു വരെ ജോലിചെയ്യാന്‍ അനുവദിക്കണം എന്നതു മാത്രമാണ് ഇവരുടെ ആവശ്യം. ഇവര്‍ക്ക് മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഇവരെ നിലനിര്‍ത്തിക്കൊണ്ട്, പുതുതായി വരുന്ന ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുന്നതിനും ഇവര്‍ എതിരല്ല.
അഴിമതിവിരുദ്ധ സമിതിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ സമരം നടക്കുന്നത്. ഇത്ര ദിവസം തന്റെ മുന്നില്‍ തന്നെ കുത്തിയിരിപ്പു സമരം നടത്തിയിട്ടും തൊഴിലാളികളെ ചര്‍ച്ചയ്ക്കു വിളിക്കാന്‍ പോലും ആശുപത്രി വികസനസമിതി ചെയര്‍മാന്‍കൂടിയായ കലക്ടര്‍ തയ്യാറായിട്ടില്ല. തൊഴിലാളികളുടെ സമരം ന്യായമാണെന്ന അഭിപ്രായം വികസനസമിതി യോഗത്തില്‍ കലക്ടര്‍ പ്രകടിപ്പിച്ചെങ്കിലും അനുകൂലമായ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ തടസ്സമാവുകയാണെന്നു സമരസമിതി കരുതുന്നു.                         ി
Next Story

RELATED STORIES

Share it