സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തി

തിരുവനന്തപുരം: ബിഷപ്പിനെതിരേ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തിനെതിരായ നിലപാട് തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിലൂടെ തെളിഞ്ഞത് കന്യാസ്ത്രീകളുടെ ഇച്ഛാശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീകളുടെ സമരം ദുരുദ്ദേശ്യപരമാണെന്നും സമരകോലാഹലമാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോടിയേരി അഭിപ്രായപ്പെട്ടത്. ബിഷപ്പിനെതിരേ സമരം ചെയ്യാന്‍ ഏതാനും കന്യാസ്ത്രീകള്‍ രംഗത്തുവന്നത് ക്രൈസ്തവസഭയ്ക്കുള്ളില്‍ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണ്. അതിന്റെ അര്‍ഥം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം സഭാനേതൃത്വത്തിനുണ്ടെന്നു കരുതുന്നു. സമരത്തില്‍ ഏര്‍പ്പെട്ട കന്യാസ്ത്രീകള്‍ നിയമലംഘനം നടത്തിയവരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു രംഗത്തുവന്നത്. എന്നാല്‍, ആ സമരത്തെ ഹൈജാക്ക് ചെയ്ത് സര്‍ക്കാര്‍വിരുദ്ധവും സിപിഎം വിരുദ്ധവുമാക്കാന്‍ നടത്തിയ രാഷ്ട്രീയ, വര്‍ഗീയ കരുനീക്കങ്ങളെയാണ് സിപിഎം തുറന്നുകാണിച്ചത്.
ഇരകളെ സംരക്ഷിക്കാനും വേട്ടക്കാരെ പിടികൂടാനും എല്ലാ പ്രശ്‌നത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഈ പ്രശ്‌നത്തിലും പ്രതിബദ്ധത തെളിയിക്കുകയാണുണ്ടായത്. ഇതിനു മുമ്പ് പല കേസുകളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമലംഘകരെ പിടികൂടിയത് ഏതെങ്കിലും പ്രക്ഷോഭസമരങ്ങള്‍ക്ക് വിധേയമായിട്ടായിരുന്നില്ല. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വതന്ത്രവും ധീരവുമായ പോലിസ് നയത്തിന്റെ വിളംബരമാണ്. നാലുവര്‍ഷം മുമ്പുള്ള സംഭവമായതിനാല്‍ നിയമപരമായ മുന്‍കരുതലും തെളിവെടുപ്പും നടത്താനുള്ള ഉത്തരവാദിത്തം പോലിസ് ജാഗ്രതയോടെ നിറവേറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it