Flash News

സമരത്തിനിടെ കുട്ടികള്‍ക്ക് പരിക്ക് : ബാലാവകാശ കമ്മീഷന്‍ കേസെടുത്തു



കൊച്ചി: എറണാകുളം പുതുവൈപ്പില്‍ ഐഒസിയുടെ പാചകവാതക സംഭരണ കേന്ദ്രത്തിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കെതിരായ പോലിസ് നടപടിയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കാന്‍ ബാലാവകാശസംരക്ഷണ കമ്മീഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ കലക്ടര്‍, സിറ്റി പോലിസ് മേധാവി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവരോടാണ് കമ്മീഷന്‍ റിപോര്‍ട്ട് തേടിയിരിക്കുന്നത്. പ്ലാന്റിനെതിരേ സമരംചെയ്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലിസ് നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷനും രംഗത്തുവന്നു. പോലിസ് നടത്തിയതു ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് എറണാകുളം സിറ്റി പോലിസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. ചില വനിതാ അഭിഭാഷകര്‍ ഫോണില്‍ പരാതി അറിയിച്ചതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇടപെട്ടത്. കുട്ടികളെ അടിയന്തരമായി വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നു. സമരക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. നോര്‍ത്ത് പോലിസ് കസ്റ്റഡിയില്‍ എടുത്തവരില്‍ 38 പേര്‍ കുട്ടികളാണ്.  സമരക്കാര്‍ക്കു ശുചിമുറി  ഉപയോഗിക്കാനോ ഭക്ഷണവും വെള്ളവും നല്‍കാനോ പോലിസുകാര്‍ തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it