World

സമരം ശക്തമാവുന്നു; ഫ്രാന്‍സില്‍ റെയില്‍ ഗതാഗതം സ്തംഭിച്ചു

പാരിസ്: ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാരിന്റെ റെയില്‍വേ നയങ്ങള്‍ക്കും സ്വകാര്യവല്‍ക്കരണ നീക്കത്തിനുമെതിരായ തൊഴിലാളി സമരം ശക്തമാവുന്നു. ഏപ്രില്‍, മെയ്, ജൂണ്‍ എന്നീ മൂന്നു മാസങ്ങളിലായി 36 ദിവസത്തെ സമരമാണ് റെയില്‍വേ ജീവനക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സമരത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ റെയില്‍വേ ഗതാഗതം താളംതെറ്റി. കറുത്ത ചൊവ്വാഴ്ച എന്നാണ് ഫ്രാന്‍സില്‍ സമരത്തെ പ്രാദേശിക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്.
75 ശതമാനം റെയില്‍വേ ജീവനക്കാരും സമരത്തില്‍ പങ്കാളികളായി. ഫ്രാന്‍സില്‍ ദിനേന റെയില്‍ ഗതാഗതത്തെ 50 ലക്ഷത്തോളം പേര്‍ ആശ്രയിക്കുന്നുണ്ട്. പ്രാദേശിക, അതിവേഗ ട്രെയിനുകളുടെ ഓരോ സര്‍വീസുകള്‍ മാത്രമാണ് ഇന്നലെ നടന്നത്. ഫ്രാന്‍സില്‍ നിന്നുള്ള അന്താരാഷ്ട്ര ട്രെയിന്‍ സര്‍വീസുകളും നിലച്ചിരിക്കുകയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളാണ് മുടങ്ങയത്. മൂന്നു ദിവസം വീതം ഇടവേള വച്ച് തുടര്‍ച്ചയായി രണ്ടുദിവസം വീതം പണിമുടക്കിയാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.
ഫ്രാന്‍സിലെ റെയില്‍വേ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താനുള്ള പ്രസിഡന്റിന്റെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. ഫ്രാന്‍സിലെ റെയില്‍വേ കമ്പനിയായ എസ്എന്‍സിഎഫ് കടത്തിലാണ് ഓടുന്നതെന്നും വരുംവര്‍ഷങ്ങളില്‍ യൂറോപ്യന്‍ യൂനിയന്‍ നിയമപ്രകാരം റെയില്‍വേ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു. റെയില്‍വേ ജീവനക്കാരുടെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കാന്‍ തീരുമാനിച്ചട്ടുണ്ട്. പുതിയ ആളുകള്‍ക്ക് ജോലി നല്‍കുന്നതും നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായി. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പ്രത്യേക മാനദണ്ഡങ്ങളും ഇല്ലാതാവും. കൂടാതെ, എന്‍എന്‍സിഎഫിന്റെ ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ക്കും സര്‍ക്കാര്‍ ശ്രമമുണ്ട്. സര്‍ക്കാരിന്റെ പട്ടികയിലുള്ള സ്വകാര്യ കമ്പനികള്‍ക്ക് നടത്തിപ്പ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തൊഴിലാളി യൂനിയനുകളും രാഷ്ട്രീയപ്പാര്‍ട്ടികളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള എസ്എന്‍സിഎഫിന്റെ ഷെയറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നതിലൂടെ ഈ മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നാണ് ആരോപണം. എന്നാല്‍, സര്‍ക്കാര്‍ ഇത് നിഷേധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it