സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ സഭാവിരുദ്ധരുടെ കളിപ്പാവകള്‍: കാത്തലിക് ഫെഡറേഷന്‍

കോട്ടയം: സേവ് അവര്‍ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രണ്ടാംഘട്ട സമരത്തിനെതിരേ കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്ത്. സമരം നടത്തുന്ന കന്യാസ്ത്രീകള്‍ സഭാവിരുദ്ധരുടെയും സാമൂഹിക വിരുദ്ധരുടെയും കളിപ്പാവകളാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സഭയ്‌ക്കെതിരായ കന്യാസ്ത്രീകളുടെ നീക്കങ്ങള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കും. ബിഷപ്പിനെ അറസ്റ്റ് ചെയ്ത ശേഷവും കന്യാസ്ത്രീകള്‍ സമരവുമായി വരുന്നതു സഭയെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ മാത്രമാണ്. മിഷനറീസ് ഓഫ് ജീസസ് അധികൃതരുടെ അനുമതിയോ, സമ്മതമോ ഇല്ലാതെയാണു സഭാവിരുദ്ധരായ കന്യാസ്ത്രീകള്‍ കുറവിലങ്ങാട് മഠത്തില്‍ കഴിയുന്നത്. ഇവരെ പുറത്താക്കി മഠം അടിയന്തരമായി അടച്ചൂപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും.
തൂക്കിലേറ്റാന്‍ വിധിക്കപ്പെട്ടവരെ പോലും സന്ദര്‍ശിക്കുകയും അവര്‍ക്കു സാന്ത്വനം പകരുകയും ചെയ്യുന്ന ക്രൈസ്തവ പാരമ്പര്യത്തെ തിരസ്‌കരിക്കുന്ന കന്യാസ്ത്രീകളുടെ നിലപാടിനെ എന്തു വിലകൊടുത്തും നേരിടുമെന്നും ഇവര്‍ വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ആചാരങ്ങള്‍ തുടരുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണം. ഈ ആവശ്യമുന്നയിച്ച് ഈ മാസം 12ന് കോട്ടയത്ത് സായാഹ്‌ന ധര്‍ണ സംഘടിപ്പിക്കുമെന്നും കാത്തലിക് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ. പി പി ജോസഫ്, മറ്റു ഭാരവാഹികളായ ഹെന്റി ജോണ്‍, ജിജി പോരകശ്ശേരി, തോമസ് ജെ നിധീരി, ഔസേപ്പച്ചന്‍ ചെറുകാട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it