kozhikode local

സമഗ്ര അര്‍ബുദ ചികില്‍സാ കേന്ദ്രം യാഥാര്‍ഥ്യമാവുന്നു

ഇ രാജന്‍
കോഴിക്കോട്: അര്‍ബുദ ചികില്‍സ സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ എല്ലാസംവിധാനങ്ങളുമുള്ള കേന്ദ്രം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കെട്ടിടനിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഉദ്ഘാടനം ഉടന്‍ ഉണ്ടാവുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 2014 ല്‍ ആണ് ഇതിനുള്ള പദ്ധതി സമര്‍പ്പിച്ചത്. 2015 ല്‍ ത്രിതല കാന്‍സര്‍ സെന്ററിനുള്ള ഫണ്ട് ലഭിച്ചു.
2018 മാര്‍ച്ച് മാസത്തില്‍ എല്ലാവിധ സൗകര്യങ്ങളോടുമുള്ള അര്‍ബുദചികില്‍സാ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കും. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ 45.5 കോടി രൂപ ചെലവഴിച്ചാണ് ചികില്‍സാ കേന്ദ്രം സ്ഥാപിച്ചത്. നിലവില്‍ തിരുവനന്തപുരം ആര്‍സിസിയെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. ഇതിനുപകരം എല്ലാ ചികില്‍സയും മെഡിക്കല്‍ കോളജാശുപത്രിയില്‍ ലഭ്യമാക്കുന്നതോടെ മലബാറിലെ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. മലബാറില്‍ നിന്നും കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് രോഗികളാണ് മെഡിക്കല്‍കോളജാശുപത്രിയില്‍ ചികില്‍സ തേടുന്നത്. അര്‍ബുദം നേരത്തെ കണ്ടെത്തി ചികില്‍സ ഉറപ്പാക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
എം കെ രാഘവന്‍ എംപിയുടെ ശ്രമഫലമായാണ് കേന്ദ്രം യാഥാര്‍ഥ്യമായത്. ചെസ്റ്റ് ആശുപത്രിക്കു സമീപം മൂന്നുനില കെട്ടിടത്തിലാണ് ത്രിതല അര്‍ബുദ കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായത്. ഹൈ എനര്‍ജി ലീനിയര്‍ ആക്‌സറേറ്റര്‍, മോഡുലാര്‍ ശസ്ത്രക്രിയ തിയേറ്റര്‍, കീമോ തെറാപ്പി, ഡേ കെയര്‍ സെന്റര്‍, ബയോ മെഡിക്കല്‍ അനലൈസര്‍, സെല്‍ കൗണ്ടര്‍, ഡിടിഎസ് കാന്‍സിമുലേറ്റര്‍, സ്‌പെക്ടാ ഗാമാ ക്യാമറ, റേഡിയേഷന്‍, അര്‍ബുദപരിശോധനയ്ക്കുള്ള വാഹനങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ത്രിതല അര്‍ബുദ ചികില്‍സാ കേന്ദ്രം.
അര്‍ബുദമുള്ള ഭാഗം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് ഇതില്‍ പ്രധാനം. മെഡിക്കല്‍ കോളജിലെ സാവിത്രി ദേവിബാബു മെമ്മോറിയല്‍ അര്‍ബുദ ചികില്‍സാ കേന്ദ്രത്തിന്റെ മുകളിലാണ് ശസ്ത്രക്രിയാ സംവിധാനമുള്ളത്.
സ്‌പെക്ടാ ഗാമാ ക്യാമറ വെക്കുന്നതോടെ തൈറോയിഡ് അര്‍ബുദത്തിന് പൂര്‍ണ ചികില്‍സ ലഭ്യമാകുന്ന സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ കോളജാവും ഇത്. ചെലവേറിയ ഈ ചികില്‍സയ്ക്ക് നിലവില്‍ സ്വകാര്യാശുപത്രികളെയാണ് ആശ്രയിക്കുന്നത്. വാഹനം ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച് ആരോഗ്യപരിശോധനാ ക്യാംപുകള്‍ നടത്തും. ഇതിലൂടെ അര്‍ബുദം കണ്ടെത്താനും ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്താനും കഴിയും.
2014 ജനുവരിയിലാണ് മെഡിക്കല്‍ കോളജ് അര്‍ബുദ കേന്ദ്രത്തിനുള്ള പദ്ധതി തയ്യാറാക്കിയത്. ആഗസ്റ്റില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഇതിനുശേഷം ഘട്ടം ഘട്ടമായുള്ള നടപടിക്കു ശേഷമാണ് ഇപ്പോള്‍ കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നത്. അര്‍ബുദം ഏറി വരുന്ന സാഹചര്യത്തില്‍ മെച്ചപ്പെട്ട ചികില്‍സ സര്‍ക്കാര്‍ ആശുപത്രിക്കു കീഴില്‍ ലഭിക്കുന്നത് ഏറെ ഗുണകരമാകും.
Next Story

RELATED STORIES

Share it