സഭയില്‍ പ്രതിപക്ഷ ബഹളം

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കിനെ (പിഎന്‍ബി) കബളിപ്പിച്ച് ആയിരക്കണക്കിന് കോടികളുമായി വജ്രവ്യാപാരി നീരവ് മോദി രാജ്യംവിട്ട സംഭവത്തില്‍ പ്രതിപക്ഷ ബഹളത്തോടെ ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. ആന്ധ്രപ്രദേശിനു പ്രത്യേക പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഭരണകക്ഷിയായ തെലുഗുദേശം പാര്‍ട്ടിയും (ടിഡിപി) ഇന്നലെ സഭയെ പ്രക്ഷുബ്ധമാക്കി. ഇരുവിഷയത്തിലും ഉടക്കി ബഹളം ശക്തമായതോടെ രാജ്യസഭ ഉച്ചയ്ക്ക് രണ്ടുമണിയോടെയും ലോക്‌സഭ 12 മണിയോടെയും പിരിഞ്ഞു.
പിഎന്‍ബി തട്ടിപ്പ്  ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് ആവശ്യപ്പെട്ട്  ലോക്‌സഭയില്‍  ആര്‍എസ്പി അംഗം എന്‍ കെ പ്രേമചന്ദ്രനും, ആര്‍ജെഡിയുടെ ജെ പി യാദവും, രാജ്യസഭയില്‍  സിപിഐ നേതാവ് ഡി രാജയും സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാളുമാണ് നോട്ടീസ് നല്‍കിയത്.
പിഎന്‍ബി വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ സുമിത്ര മഹാജന്‍ തള്ളിയതോടെയാണ് ലോക്‌സഭയി ല്‍ പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമായത്. തുടര്‍ന്ന് സഭ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിയാത്തവിധം ബഹളം രൂക്ഷമായതോടെ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നുവെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
അതേസമയം, പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയ വിഷയമാണെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. വിഷയം ജനങ്ങളില്‍ രോഷമുണ്ടാക്കുന്നതാണ്. അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും ഭരണപക്ഷവുമായി സംസാരിച്ച് ചര്‍ച്ചയുടെ രീതി തീരുമാനിക്കുമെന്നും വെങ്കയ്യ നായിഡു രാജ്യസഭയില്‍ പറഞ്ഞു. ആന്ധ്രപ്രദേശിനു പ്രത്യേക പദവിയെന്ന വിഷയം സഭയില്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിപി അംഗങ്ങള്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി. വിഷയത്തില്‍ ടിഡിപി അംഗങ്ങള്‍ പാര്‍ലമെന്റിനു പുറത്തു ധര്‍ണയിരിക്കുകയും ചെയ്തു.
കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ അണ്ണാഡിഎംകെ അംഗങ്ങളും സഭയ്ക്കു പുറത്തു പ്രതിഷേധിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന വിഷയം ജന്‍ അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവ് ലോക്‌സഭയില്‍ ഉന്നയിച്ചു.
ത്രിപുര, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ വിജയത്തെത്തുടര്‍ന്ന് രാവിലെ ബിജെപി അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും പാര്‍ലമെന്റിന് പുറത്ത് സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it