സബ് കലക്ടര്‍ക്കെതിരായ അന്വേഷണ റിപോര്‍ട്ട് വൈകുന്നു

തിരുവനന്തപുരം: വര്‍ക്കല അയിരൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ പതിച്ചുകൊടുത്തെന്ന വിവാദത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണ റിപോര്‍ട്ട് വൈകുന്നു.
അന്വേഷണം നടത്താന്‍ റവന്യൂ മന്ത്രി നിര്‍ദേശിച്ചിട്ട് രണ്ടുദിവസം കഴിഞ്ഞു. ഇതുസംബന്ധിച്ച ഫയലുകളെല്ലാം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വിളിപ്പിച്ചുവെന്നാണ് സൂചന. എന്നാല്‍, നിശ്ചിത ദിവസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രിയുടെ ഓഫിസ് പറഞ്ഞു. ഭൂമി വിവാദം കഴിഞ്ഞദിവസം നിയമസഭയിലും ചര്‍ച്ചയായിരുന്നു. വി ജോയി എംഎല്‍എയാണ് സബ്മിഷന്‍ നല്‍കിയത്. പരാതിയില്‍ ഫയലുകള്‍ പരിശോധിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറോട് ആവശ്യപ്പെട്ടുവെന്ന് റവന്യൂ മന്ത്രി മറുപടി നല്‍കുകയും ചെയ്തിരുന്നു. വിവാദത്തില്‍ വിശദമായ അന്വേഷണം ആവശ്യമുള്ളതിനാല്‍ വേഗത്തില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കമ്മീഷണര്‍.
അയിരൂര്‍ വില്ലേജില്‍ റോഡിനോട് ചേര്‍ന്ന 27 സെന്റാണ് തഹസില്‍ദാര്‍ വിശദമായ പരിശോധനകള്‍ക്ക് ശേഷം തിരിച്ചുപിടിച്ചിരുന്നത്. ഈ സ്ഥലത്ത് അയിരൂര്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. പക്ഷേ, സബ് കലക്ടറുടെ അന്വേഷണ ശേഷം ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുകയായിരുന്നു. അയിരൂരില്‍ പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തി തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമിയാണ് സബ് കലക്ടറുടെ അന്വേഷണത്തിന് ശേഷം സ്വകാര്യവ്യക്തിക്ക് തിരിച്ചുനല്‍കിയത്. ഈ സംഭവത്തില്‍ വര്‍ക്കല എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Next Story

RELATED STORIES

Share it