palakkad local

സഫീര്‍ വധം: അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്ന് ലീഗ്

മണ്ണാര്‍ക്കാട്: നഗരസഭാ കൗ ണ്‍സിലര്‍ മുസ്‌ലിംലീഗ് അംഗം സിറാജുദ്ദീന്റെ മകനും എംഎസ്എഫ് നിയോജക മണ്ഡലം ഭാരവാഹിയുമായ സഫീറിന്റെ കൊലപാതകം അപലപനീയവും വേദനാജനകവുമാണെന്ന് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്‌ലിംലീഗ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത 5 പ്രതികളെ അറസ്റ്റ് ചെയ്തതോടെ ഈ കേസന്വേഷണം അവസാനിക്കുന്നില്ല. ഇതിന്റെ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. പ്രതികളിലെ ചിലരും മണ്ണാര്‍ക്കാട് പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും അവിഹിത ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. എന്നിട്ടും ഇതേ ഉദ്ദ്യോഗസ്ഥനെയാണ് സഫീര്‍ വധത്തിന്റെ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.
നിലവിലുളള കേസന്വേഷണ ഉദ്യോഗസ്ഥനായ ഹിദായത്തുല്ല മാമ്പ്രയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചാല്‍ മാത്രമെ കൊലപാതകത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വരുകയൊളളു. മണ്ണാര്‍ക്കാട് മല്‍സ്യ മാര്‍ക്കറ്റ് താവളമാക്കി കാലങ്ങളായി ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്ന സംഘത്തെ സിപിഐ എന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സംരക്ഷിച്ചുവരുന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി, തുടങ്ങിയ നേതാക്കളോടെല്ലാം വധിക്കപ്പെട്ട സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ ഈ ആവശ്യം ഉന്നയിച്ചിട്ടും അന്വേഷണ ഉദ്ദ്യോഗസ്ഥനെ മാറ്റിയിട്ടില്ല. ഇതില്‍ അലംഭാവം കാണിച്ചാല്‍ ശക്തമായ സമരവുമായി മുന്നോട്ട് പോവുമെന്ന് നേതാക്കള്‍ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ടി എ സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി എ സിദ്ദീഖ്, റഷീദ് ആലായന്‍, സി മുഹമ്മദ് ബഷീര്‍, കറൂക്കില്‍ മുഹമ്മദാലി, എം മമ്മദ്ഹാജി, കൊളമ്പന്‍ ആലിപ്പു, എം കെ ബക്കര്‍, ആലായന്‍ മുഹമ്മദാലി, സി ശഫീഖ് റഹിമാന്‍, ഹമീദ് കൊമ്പത്ത്, ഹുസൈന്‍ കോളശ്ശേരി, ഹുസൈന്‍ കളത്തില്‍ റഷീദ് മുത്തനില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it