സപ്ലൈകോ വിതരണം ചെയ്യുന്ന മട്ട അരി മായം കലര്‍ന്നതെന്ന് ആരോപണം

മലപ്പുറം: സപ്ലൈകോയില്‍ വിതരണം ചെയ്യുന്ന മട്ട അരി മായം കലര്‍ന്നതാണെന്ന് ആരോപണം. റെഡ് ഓക്‌സൈഡ് അടക്കമുള്ള മാരക വിഷപദാര്‍ഥങ്ങള്‍ സാധാരണ വിലകുറഞ്ഞ അരിയില്‍ പൂശിയാണ് മട്ട അരിയാക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ വിതരണം ചെയ്ത അരി ഇത്തരത്തിലുള്ളതാണെന്ന് ആന്റി ബ്ലെയ്ഡ് ആക്ഷന്‍ ഫോറം ഭാരവാഹികള്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടി.മാധ്യമ സ്ഥാപനങ്ങളിലെത്തി അങ്ങാടിപ്പുറം സപ്ലൈകോ പീപ്പിള്‍സ് ബസാറില്‍ നിന്നു വാങ്ങിയ മട്ട അരി കഴുകിക്കാണിച്ചപ്പോള്‍ സാധാരണ അരിയായി മാറുന്നതാണ് കണ്ടത്. മട്ട എന്നപേരില്‍ പൊതുവിതരണ കേന്ദ്രങ്ങളിലും മാവേലി സ്‌റ്റോറുകളിലും കളര്‍ മുക്കിയ മോശം അരിയാണ് വിതരണം ചെയ്യുന്നതെന്നു ഭാരവാഹികള്‍ പറഞ്ഞു. സപ്ലൈകോ ഗോഡൗണുകളിലെത്തിയിരിക്കുന്ന നൂറുകണക്കിനു ലോഡുകള്‍ ഇത്തരത്തില്‍ വ്യാജ മട്ടയാണ്. നെല്‍കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന നെല്ലടക്കം മറിച്ചുവിറ്റാണ് ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളെ ഏല്‍പ്പിക്കുന്ന നെല്ല് മില്ലുടമകള്‍ വന്‍വിലയ്ക്കു സ്വകാര്യ മൊത്തക്കച്ചവടക്കാര്‍ക്കു മറിച്ചു വില്‍ക്കുകയാണ്. തുടര്‍ന്ന്, ഇതര സംസ്ഥാനങ്ങളില്‍ നിന്നു റേഷന്‍ കരിഞ്ചന്ത വഴിയും മറ്റും സംഭരിക്കുന്ന ഗുണനിലവാരം കുറഞ്ഞ അരി കളര്‍ മുക്കി മട്ട അരി എന്ന വ്യാജേന സപ്ലൈകോയ്ക്കു തിരിച്ചു നല്‍കുകയാണ്. മാരക വിഷപദാര്‍ഥങ്ങളാണ് കളര്‍ മുക്കാന്‍ ഉപയോഗിക്കുന്നത് എന്നതിനാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളും ഇവ ഉണ്ടാക്കുന്നുണ്ട്. ഈ അരിയുടെ വില്‍പന തടയണമെന്നും സപ്ലൈകോ ഗോഡൗണുകളിലെ അവശേഷിക്കുന്ന അരി പിടിച്ചെടുക്കണമെന്നും ആന്റി ബ്ലെയ്ഡ് ആക്ഷന്‍ ഫോറം സെക്രട്ടറി പി അബ്ദു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it