kozhikode local

സപ്ലിമെന്ററി അജണ്ടകള്‍ മാറ്റിവച്ചു; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വാഗ്വാദം

വടകര: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര്. ഇന്നലെ വൈകുന്നേരം 3 മണിക്ക് നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഭരണപക്ഷ-പ്രതിപക്ഷ വാക്‌പോര് രൂക്ഷമായത്. ഇതോടെ സപ്ലിമെന്ററിയായി വന്ന അജണ്ടകള്‍ പൂര്‍ണമായും മാറ്റിവച്ചു. 2018- 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയ പാക്കയില്‍ ജനകീയ ഗ്രന്ഥാലയം മുതല്‍ കോട്ടക്കടവ് ഗേറ്റ് വരെ റീ ടാറിംഗ് പ്രവൃത്തിയുടെ പേര് ഐസ് റോഡ് മുതല്‍ കുഞ്ഞിരാമന്‍ വക്കീല്‍ പാലം വരെയുള്ള റോഡ് റീ ടാറിംഗ് എന്നാക്കി മാറ്റുന്ന അജണ്ടയെ സ്ബന്ധിച്ചാണ് പ്രശ്‌നം രൂക്ഷമായത്.
ഈ അജണ്ടയില്‍ കൃത്യതയില്ലെന്നും, ചെയര്‍മാനോ, വകുപ്പ് മേധാവിയോ വിശദീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാതായതോടെ അജണ്ട മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യത്തോട് ഭരണപക്ഷത്തെ മെമ്പര്‍മാര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയും ഇതോടെ ചെയര്‍മാന്‍ അജണ്ട മാറ്റിവെക്കുന്നതായി അറിയിക്കുകയുമായിരുന്നു.
കൗണ്‍സില്‍ ആരംഭിച്ചത് മുതല്‍ പല വിഷയത്തിലും പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെടുമ്പോള്‍ ഭരണപക്ഷത്തെ മെമ്പര്‍മാര്‍ ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു.
ചെയര്‍മാന്‍ മറുപടി പറയേണ്ട പല കാര്യങ്ങളിലും മെമ്പര്‍മാര്‍ ആവശ്യമില്ലാതെ ഇടപെടുന്നെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഇതിനിടയില്‍ പ്രതിപക്ഷം അജണ്ട മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ നിങ്ങളുടെ വാര്‍ഡുകളില്‍ വരുന്ന പ്രവൃത്തികളുടെ കാര്യത്തിലും ഇത്തരത്തില്‍ തീരുമാനമെടുക്കാമെന്നും പ്രതിപാദിച്ചതോടെ ബഹളം രൂക്ഷമായി. അതിനിടയില്‍ ഭരണപക്ഷത്തെ ഒരു കൗണ്‍സിലര്‍ പ്രദേശത്തിന്റെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചതും പ്രതിപക്ഷത്തിന്റെ ബഹളം കൂട്ടി.

Next Story

RELATED STORIES

Share it