Flash News

സന്തോഷത്തോടെ കേരളം സെമിയില്‍

സന്തോഷത്തോടെ കേരളം സെമിയില്‍
X

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം സെമിയുറപ്പിച്ചു. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്ന് ഗോളിന് പൂട്ടികെട്ടിയാണ് കേരളം സെമിയില്‍ സീറ്റുറപ്പിച്ചത്. രാഹുല്‍ വി രാജും ജിതിന്‍ എംഎസും രാഹുല്‍ കെ പിയുമാണ് കേരളത്തിന് വേണ്ടി ലക്ഷ്യം കണ്ടത്.
മണിപ്പൂരിന്റെയും ചണ്ഡീഗ്രാഹിനെയും ഗോള്‍മഴയില്‍ മുക്കിയ കേരളത്തിന്റെ കൡക്കരുത്ത് തന്നെയാണ് മഹാരാഷ്ട്രയ്‌ക്കെതിരെയും കണ്ടത്. ആദ്യ പകുതിയില്‍ത്തന്നെ രണ്ട് ഗോളുകള്‍ കേരളം വലയിലാക്കിയിരുന്നു. 16ാം മിനിറ്റില്‍ കേരളത്തിന്റെ ജിതിന്‍ എംഎസ് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പോയി. 19ാം മിനിറ്റില്‍ ജിതിന്‍ ബോക്‌സിലേക്ക് പന്ത് നീട്ടിനല്‍കിയെങ്കിലും മഹാരാഷ്ട്ര ഗോളിയുടെ മികവ് കേരളത്തിന് ഗോള്‍ നിഷേധിച്ചു.  മഹാരാഷ്ട്ര ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച് കേരളതാരങ്ങള്‍ എതിരാളികളെ വിറപ്പിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഷോട്ടുകളെല്ലാം ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയി. ഒടുവില്‍ 21ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി പെനല്‍റ്റി ഭാഗ്യമെത്തി. വീണുകിട്ടിയ പെനല്‍റ്റിയെ ഉന്നം പിഴക്കാതെ കേരള നായകന്‍ രാഹുല്‍ വി രാജ് വലയിലാക്കിയതോടെ കേരളം 1-0ന് മുന്നില്‍.
ആദ്യ ഗോള്‍ പിറന്നതോടെ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ കേരളം മഹാരാഷ്ട്രയുടെ ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഒടുവില്‍ 39ാം മിനിറ്റില്‍ കേരളത്തിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ പിറന്നു. മൈതാനത്തിന്റെ വലതുവശത്തിലൂടെ പന്തുമായി കുതിച്ച് ജിതിന്‍ എംഎസ് മികച്ച ഷോട്ട് പന്ത് വലയിലാക്കി. കേരളം 2-0ന് മുന്നില്‍. പിന്നീടുള്ള സമയത്ത് ഇരു കൂട്ടര്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ ആദ്യ പകുതി 2-0ന്റെ ആധിപത്യത്തോടെയാണ് കേരളം പിരിഞ്ഞത്.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റമാണ് കേരള താരങ്ങള്‍ പുറത്തെടുത്തത്. 48ാം മിനിറ്റിലും 49ാം മിനിറ്റിലും ഗോളെന്നുറപ്പിച്ച കേരളത്തിന്റെ മുന്നേറ്റം മഹാരാഷ്ട്ര ഗോളി ആദിത്യ മിശ്ര തടുത്തിട്ടു. 53ാം മിനിറ്റില്‍ കേരള പോസ്റ്റ് ലക്ഷ്യമാക്കി മഹാരാഷ്ട്ര മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും കേരളത്തിന്റെ പ്രതിരോധം വെല്ലുവിളിയായി. ആക്രമിച്ച് മുന്നേറിക്കൊണ്ടിരുന്ന കേരളം 58ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. കേരളം നടത്തിയ മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ പന്ത് ലഭിച്ച കെ പി രാഹുല്‍ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. കേരളം 3-0ന് മുന്നില്‍.
മൂന്ന് ഗോളുകള്‍ അക്കൗണ്ടിലാക്കിയതോടെ കേരളത്തിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ട് കേരളം മഹാരാഷ്ട്രയെ ഞെട്ടിച്ചു. 72ാം മിനിറ്റിലും 78ാം മിനിറ്റിലും ജിതിന്‍ നടത്തിയ മുന്നേറ്റങ്ങള്‍ ലക്ഷ്യം കണ്ടില്ലെങ്കിലും മഹാരാഷ്ട്രയുടെ ഗോള്‍മുഖത്തെ വിറപ്പിച്ചു. ആക്രമണത്തോടൊപ്പം പ്രതിരോധത്തിലും കേരളം കരുത്തുകാട്ടിയതോടെ മഹാരാഷ്ട്രയുടെ ഗോള്‍ശ്രമങ്ങളെല്ലാം നിഷ്പ്രഭമായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-0ന്റെ ജയത്തോടെ സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരളം സെമിയിലേക്ക് കുതിക്കുകയായിരുന്നു.
മൂന്ന് ജയം നേടിയ ബംഗാളും കേരളത്തിന്റെ ഗ്രൂപ്പില്‍ നിന്ന് ആദ്യ നാലിലേക്കിടം നേടിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ കേരളവും ബംഗാളും ഏറ്റുമുട്ടും. ജയിക്കുന്നവര്‍ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരാവും. നിലവില്‍ കേരളം ഒന്നാം സ്ഥാനത്തും ബംഗാള്‍ രണ്ടാം സ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it