Flash News

സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ എഴുത്തുകാര്‍

പനാജി: സനാതന്‍ സന്‍സ്ഥയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഗോവയിലെ പ്രമുഖ എഴുത്തുകാര്‍ രംഗത്ത്. ഗൗരി ലങ്കേഷിന്റെ വധത്തിനു ശേഷം ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ലക്ഷ്യംവച്ച അടുത്ത ഇര പ്രമുഖ എഴുത്തുകാരനായ ദാമോദര്‍ മൗസോ ആണെന്ന കര്‍ണാടക ഇന്റലിജന്‍സ് വിഭാഗത്തിന്റെ വെളിപ്പെടുത്തലോടെയാണു വിഷയത്തില്‍ എഴുത്തുകാരുടെ പ്രതികരണം.
മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാര്‍ക്കും പുറമെ ഗോവയില്‍ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ രാഷ്ട്രീയ സംഘടനകളും പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സനാതന്‍ സന്‍സ്ഥ സമൂഹത്തില്‍ പിടിമുറുക്കിയ കാന്‍സറാണെന്നു ഹിന്ദുത്വ തീവ്രവാദികള്‍ ലക്ഷ്യംവച്ച ദാമോദര്‍ മൗസോ അഭിപ്രായപ്പെട്ടു. പിടിഐ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്ര ഹിന്ദുത്വ സംഘടനകളുടെ വധഭീഷണി കാരണം സുരക്ഷ ഏര്‍പ്പെടുത്തിയ എഴുത്തുകാരനാണു മൗസോ. ഇനിയും അത്തരം ശക്തികള്‍ക്കെതിരേ പറയുകയും എഴുതുകയും ചെയ്യും. വെടിയുണ്ടകള്‍ക്കു ചിന്തകളെ ഇല്ലാതാക്കാനാവില്ല- ദാമോദര്‍ മൗസോ പറഞ്ഞു.
2009 മലേഗാവ് സ്‌ഫോടനത്തില്‍ ഉത്തരവാദികളായ സനാതന്‍ സന്‍സ്ഥയെ അന്നു നിരോധിച്ചിരുന്നെങ്കില്‍ ഗൗരി ലങ്കേഷ്, എം എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ കൊല്ലപ്പെടുമായിരുന്നില്ല. സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ നടപടിയെടുക്കാതിരുന്നതാണ് ഇവര്‍ കൊല്ലപ്പെടാന്‍ കാരണമായത്. നാലു പേരുടെ വധത്തിലും സനാതന്‍ സന്‍സ്ഥയ്ക്ക് പങ്കുണ്ട്. മതങ്ങള്‍ തമ്മിലുള്ള സമാധാനപരമായ സഹവര്‍ത്തിത്വം നമുക്ക് നിലനിര്‍ത്തേണ്ടതുണ്ടെന്നും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ദാമോദര്‍ മൗസോ സൂചിപ്പിച്ചു. സനാതന്‍ സന്‍സ്ഥ സമൂഹത്തില്‍ വിദ്വോഷം മാത്രമാണു പ്രചരിപ്പിക്കുന്നത്. അതിനാല്‍ അത് നിരോധിക്കപ്പെടണമെന്നു പൊതുപ്രവര്‍ത്തകന്‍ പ്രശാന്ത് നായിക് ആവശ്യപ്പെട്ടു.
2009ലെ മാലേഗാവ് ബോംബ് സ്‌ഫോടനത്തിലെ ഉത്തരവാദികളായ സനാതന്‍ സന്‍സ്ഥയെ അതിന്റെ പേരില്‍ നിരോധിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ കൂട്ടായ്മയായ കൊങ്കിണി ഭാഷാ മണ്ഡലടക്കമുള്ള സംഘടനകളും ഇതേ ആവശ്യമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it