World

സദ്ദാമിന്റെ അന്ത്യവിശ്രമ സ്ഥലവുമായി ബന്ധപ്പെട്ടു ദുരൂഹത ഉയരുന്നു

അല്‍ ഔജ (ഇറാഖ്): ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസയ്‌ന്റെ അന്ത്യവിശ്രമ സ്ഥലവുമായി ബന്ധപ്പെട്ടു ദുരൂഹത ഉയരുന്നു. 2006ലാണു സദ്ദാം ഹുസയ്ന്‍ വധിക്കപ്പെട്ടത്. ജന്മമനാടായ ഔജയിലായിരുന്നു അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. എന്നാല്‍ ശവകുടീരത്തില്‍ നിന്നു ഭൗതികശരീരം മാറ്റിയിരിക്കാമെന്ന സംശയമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രകടിപ്പിക്കുന്നത്.
ഔജയിലെ കല്ലറ ഇപ്പോള്‍ തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടം മാത്രമാണ്. സദ്ദാം ഹുസയ്—ന്റെ ശരീരാവശിഷ്ടങ്ങള്‍ അതിനകത്തുണ്ടെന്ന സൂചനയൊന്നുമില്ല. 2006 ഡിസംബര്‍ 30നു  ശരിക്കു വിചാരണ നടത്താതെ തൂക്കിക്കൊന്ന സദ്ദാം ഹുസയ്‌ന്റെ മൃതദേഹം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അനുമതി നല്‍കി. തുടര്‍ന്നു യുഎസ് സൈനിക ഹെലികോപ്റ്ററില്‍ ബഗ്ദാദില്‍ നിന്നു തിക്രിതിലേക്കു മാറ്റുകയുമായിരുന്നു. തിക്രിതില്‍ നിന്ന് സമീപഗ്രാമമായ ഔജയിലേക്കു മൃതദേഹം കൊണ്ടുവരികയും സംസ്‌കരിക്കുകയും ചെയ്തു.
ഒട്ടും വൈകാതെ സദ്ദാം ഹുസയ്ന്റെ മൃതദേഹം സംസ്‌കരിച്ചതായി അദ്ദേഹത്തിന്റെ ബന്ധു ശെയ്ഖ് മനാഫ് അലി അല്‍ നിദ പറഞ്ഞു. ഔജയിലെ കല്ലറയില്‍ നിരവധി സന്ദര്‍ശകരെത്താനും ആരംഭിച്ചു. ഇപ്പോള്‍ സന്ദര്‍ശകരെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ കടത്തിവിടുന്നുള്ളൂ എന്ന് അല്‍ നിദ അറിയിച്ചു.
തങ്ങള്‍ ഗ്രാമം വിട്ടുപോവാന്‍ നിര്‍ബന്ധിതരായതായും ഇറാഖി കുര്‍ദിസ്താനില്‍ അഭയാര്‍ഥികളാവേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു. 2003ലെ യുഎസ് അധിനിവേശത്തിന് ശേഷം തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. സദ്ദാം ഹുസയ്‌ന്റെ ബന്ധുക്കളായതിനാലാണു തങ്ങള്‍ ദ്രോഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കല്ലറ ഇറാഖ് വ്യോമാക്രമണത്തില്‍ തകര്‍ന്നതായി ഔജ  മേഖലയുടെ സുരക്ഷാ ചുമതലയുള്ള ശിയാ ഭൂരിപക്ഷ അര്‍ധ സൈനിക വിഭാഗമായ  അല്‍ ഹശ്ദ് അല്‍ ശഅബി പറയുന്നു.
ഐഎസ് പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രദേശത്തു വ്യോമാക്രമണമുണ്ടായതെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത്തരമൊരാക്രമണത്തിനു താന്‍ സാക്ഷിയായിട്ടില്ലെന്ന് അല്‍ നിദ പ്രതികരിച്ചു. സദ്ദാമിന്റെ കല്ലറ തുറന്നതായും സ്‌ഫോടനത്തില്‍ തകര്‍ക്കപ്പെട്ടതായും തനിക്കു ബോധ്യമായതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ മൃതദേഹം ഇപ്പോഴും കല്ലറയ്ക്കുള്ളിലുള്ളതായി ഹശീദ് അര്‍ധ സൈനിക വിഭാഗം മേധാവി ജാഫര്‍ അല്‍ ഗരാവി പ്രതികരിച്ചു.
Next Story

RELATED STORIES

Share it