Flash News

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വൈകുന്നതെന്ത്? ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിനെതിരേ ഹൈക്കോടതി



കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്തു നിയമിച്ചതിനെതിരേയും തച്ചങ്കരിക്കെതിരായ ഹരജിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലും ഹൈക്കോടതിക്ക് അതൃപ്തി. ടോമിന്‍ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്തു നിയമിച്ചത് ചോദ്യം ചെയ്ത് രാമങ്കരി സ്വദേശി ജോസ് തോമസ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് വിമര്‍ശനം. ടോമിന്‍ തച്ചങ്കരിക്കെതിരേ വകുപ്പുതല നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും അന്വേഷണ ഘട്ടത്തിലുള്ള കേസ് വിവരങ്ങളും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്നലെ കേസ് പരിഗണിക്കവെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടയാക്കിയത്. എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ വൈകുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ജൂണ്‍ 28ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. നിരവധി ആരോപണങ്ങളാണ് ടോമിന്‍ തച്ചങ്കരിക്കെതിരേയുള്ളത്. അത്തരമൊരാളെ എന്തിന് സുപ്രധാന പദവിയില്‍ നിയമിച്ചു. സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണോ സര്‍ക്കാരെന്നും കോടതി ചോദിച്ചു. സുപ്രിംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് ടി പി സെന്‍കുമാറിനെ വീണ്ടും പോലിസ് മേധാവിയായി നിയമിക്കുന്നതിന് രണ്ടു ദിവസം മുമ്പാണ് സര്‍ക്കാര്‍ ടോമിന്‍ തച്ചങ്കരിയെ പോലിസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചത്. കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ നടപടി വേണമെന്നും ജോസ് തോമസ് സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it