Flash News

സത്യത്തിനൊപ്പം സധൈര്യം; ഒടുവില്‍ സത്യം സൈനബയ്‌ക്കൊപ്പം

സത്യത്തിനൊപ്പം സധൈര്യം; ഒടുവില്‍ സത്യം സൈനബയ്‌ക്കൊപ്പം
X


പി സി അബ്ദുല്ല

കോഴിക്കോട്: ഹാദിയ കേസി ല്‍ എന്‍ഐഎ കളംവിട്ടതോടെ ബാക്കിയാവുന്നത് എ എസ് സൈനബ നേരിട്ട സമാനതകളില്ലാത്ത പീഡനങ്ങള്‍. കേസിന്റെ മറവില്‍ ദേശീയ അന്വേഷണ ഏജന്‍സിയും മറ്റ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗങ്ങളും ചില ദേശീയ മാധ്യമങ്ങളും രണ്ടുവര്‍ഷത്തിലേറെയാണ് സൈനബയെ കൊടും തീവ്രവാദിയായി ചിത്രീകരിച്ചു വേട്ടയാടിയത്.
കേരളത്തില്‍ 115 അമുസ്‌ലിം പെണ്‍കുട്ടികളെ സൈനബ ഇസ്‌ലാമിലേക്കു മതംമാറ്റിയതായി എന്‍ഐഎ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി യുവതികളെ മതംമാറ്റി നാടുകടത്തുന്ന ഐഎസിന്റെ ഇന്ത്യയിലെ റിക്രൂട്ടിങ് ഏജന്റാണ് സൈനബയെന്നായിരുന്നു ടൈംസ് നൗ അടക്കമുള്ള ചില ദേശീയ മാധ്യമങ്ങളുടെ പ്രചാരണം.
2016 ജനുവരി 6ന് ഹാദിയയെ തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് അച്ഛന്‍ അശോകന്‍ പെരിന്തല്‍മണ്ണ പോലിസില്‍ നല്‍കിയ പരാതിയോടെയാണ് സൈനബയ്‌ക്കെതിരായ വേട്ടയാടലുകളുടെ തുടക്കം. സേലത്ത് ശിവരാജ് ഹോമിയോപതി മെഡിക്കല്‍ കോളജില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അന്ന് ഹാദിയ. ഹാദിയയുടെ സഹപാഠിയായിരുന്ന ജസീനയുടെ അച്ഛന്‍ അബൂബക്കറെ കേസില്‍ കേരള പോലിസ് അറസ്റ്റ് ചെയ്തു. 2016 ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. കോടതി നിര്‍ദേശപ്രകാരം ജനുവരി 25നു കോടതിയില്‍ ഹാദിയ നേരിട്ട് ഹാജരായി തന്നെ ആരും തടവില്‍വച്ചിട്ടില്ലെന്നു വ്യക്തമാക്കി. പോലിസ് റിപോര്‍ട്ട് കൂടി പരിഗണിച്ച് കോടതി ഹാദിയയെ സ്വന്തം ഇഷ്ടപ്രകാരം പോവാന്‍ അനുവദിച്ച് കേസ് തീര്‍പ്പാക്കി. 2016 മാര്‍ച്ചില്‍ സത്യസരണിയില്‍ നിന്ന് ഹാദിയ മതപഠനം പൂര്‍ത്തിയാക്കി.
ആഗസ്ത് 16ന് അശോകന്‍ രണ്ടാമത്തെ ഹേബിയസ് കോ ര്‍പസ് ഹരജി ഹൈക്കോടതിയില്‍ നല്‍കി. കേസില്‍ ആഗസ്ത് 22നും സപ്തംബര്‍ 1നും 5നും 27നും ഹാദിയ കോടതിയില്‍ ഹാജരായി. സപ്തംബര്‍ 27ന് സൈനബയെ ലോക്കല്‍ ഗാര്‍ഡിയനായി പരിഗണിച്ച് അവര്‍ക്കൊപ്പം പോവാന്‍ കോടതി ഹാദിയയെ അനുവദിച്ചു. ഡിസംബര്‍ 19ന് ഷെഫിന്‍ ജഹാനും ഹാദിയയും വിവാഹിതരായി.
ഡിസംബര്‍ 21ന് വിവാഹത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി പോലിസിനോട് നിര്‍ദേശിച്ചു. 2017 മെയ് 24ന് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം വിവാദ ഉത്തരവിലൂടെ ഹൈക്കോടതി റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു.
ഹൈക്കോടതി വിധി ചോദ്യംചെയ്ത് ഷെഫിന്‍ ജഹാന്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹാദിയയുടെ മതംമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ റിട്ട. സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ എന്‍ഐഎ അന്വേഷിക്കാന്‍ ആഗസ്ത് 17ന് സുപ്രിംകോടതി ഉത്തരവിട്ടു. എന്‍ഐഎ അന്വേഷണം ആരംഭിച്ചതു മുതല്‍ കെട്ടുകഥകളുടെയും പെരുംനുണകളുടെയും വേലിയേറ്റമായിരുന്നു. ഷെഫിന്‍ ജഹാനെതിരേ അശോകനും ആര്‍എസ്എസും ഉന്നയിക്കുന്ന ഭീകരബന്ധ ആരോപണങ്ങളെല്ലാം സുപ്രിംകോടതിയില്‍ എ എസ് സൈനബയ്‌ക്കെതിരായ എന്‍ഐഎ റിപോര്‍ട്ടുകളായി മാറി. ആര്‍എസ്എസും അശോകനും ടൈംസ് നൗ, ആജ് തക്, ഇന്ത്യാ ടുഡേ ചാനലുകളും മെനഞ്ഞ തിരക്കഥ പ്രകാരമായിരുന്നു എന്‍ഐഎയുടെയും സിബി സിഐഡിയുടെയും നീക്കങ്ങള്‍.
മതംമാറ്റങ്ങളുടെ രാജ്ഞി, സൈക്കോളജിക്കല്‍ കിഡ്‌നാപ്പിങിനു മാന്ത്രികസിദ്ധിയുള്ള വനിത, പുരുഷന്മാരെ വെല്ലുന്ന കായികാഭ്യാസി, അന്താരാഷ്ട്രതലത്തില്‍ ബന്ധങ്ങളുള്ള ഭീകരശൃംഖലയിലെ കേരളത്തിലെ കണ്ണി, ഐഎസ് റിക്രൂട്ടിങ് ഏജന്റ് തുടങ്ങിയ വിശേഷണങ്ങളാണ് സൈനബയുടെ മേല്‍ ചാര്‍ത്തിയത്. കോട്ടക്കലിലെ വസതിയിലെത്തിയായിരുന്നു അന്വേഷണ ഏജന്‍സികളുടെ പീഡനം. പരസ്പരബന്ധമില്ലാത്ത ചോദ്യങ്ങള്‍, രാജ്യത്തു നടന്ന മതംമാറ്റ വിവാഹങ്ങളുടെയെല്ലാം പിന്നില്‍ സൈനബയാണെന്നു സ്ഥാപിക്കാനുള്ള ചോദ്യാവലികള്‍. ദമ്മാജ് സലഫിസവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്ന് കാണാതായവരെ സൈനബയുമായി ബന്ധപ്പെടുത്താനും എന്‍ഐഎ ശ്രമിച്ചു. ഐഎസുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കാട്ടി അവരുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാനും സമ്മര്‍ദം ചെലുത്തി. എട്ടാം ക്ലാസില്‍ പഠിക്കുന്ന സൈനബയുടെ മകനെയും എന്‍ഐഎ നിരന്തരം പീഡിപ്പിച്ചു. മകനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതിയുളവാക്കി പലതവണ സിബിസിഐഡി വീട്ടില്‍ വന്നതായി സൈനബ പറഞ്ഞു.
നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷയാണ് കോട്ടക്കല്‍ സ്വദേശിയായ സൈനബ. അന്യമതസ്ഥരായ യുവതികളെ മതംമാറ്റി നാടുകടത്താനുള്ള മറയാണ് സൈനബയ്ക്ക് സംഘടനാപ്രവര്‍ത്തനമെന്നും എന്‍ഐഎ സുപ്രിംകോടതിയില്‍ ആരോപിച്ചിരുന്നു. ഒരുവര്‍ഷം 135 യുവതികളെ മതംമാറ്റുകയാണ് സൈനബയുടെ ലക്ഷ്യമെന്നും ഇതില്‍ 115 പേരെ മതംമാറ്റിയെന്നും എന്‍ഐഎയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചു. ഒടുവില്‍ 11 യുവതികളുടെ മതംമാറ്റത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതായും എന്‍ഐഎ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഹാദിയയുടേതടക്കമുള്ള മതംമാറ്റത്തിനും വിവാഹങ്ങള്‍ക്കും പിന്നില്‍ തീവ്രവാദ ബന്ധമില്ലെന്നു തെളിഞ്ഞതിനാലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് എന്‍ഐഎ സുപ്രിംകോടതിയെ അറിയിച്ചത്. എന്‍ജിനീയറിങ് ബിരുദധാരിയായ എ എസ് സൈനബ 2002 മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമാണ്. സ്ത്രീശാക്തീകരണമാണ് അവരുടെ കര്‍മമേഖല.

Next Story

RELATED STORIES

Share it