സഞ്ചാരികളെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍എത്തിക്കാന്‍ ബസ് ടൂര്‍ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ നേരിട്ടെത്തിക്കാന്‍ വിനോദസഞ്ചാര വികസന കോര്‍പറേഷന്റെ ബസ് ടൂര്‍ പദ്ധതി. ഇതിനായി മൂന്ന് ആഡംബര ബസ്സുകള്‍ പുറത്തിറക്കുമെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്ലോറിയസ് തിരുവനന്തപുരം, മെസ്മറൈസിങ് കന്യാകുമാരി, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡിഡ്, അള്‍ട്ടിമേറ്റ് കൊച്ചി എന്നിങ്ങനെ അഞ്ച് ടൂര്‍ പാക്കേജുകളാണ് നടപ്പാക്കുന്നത്. തിരുവനന്തപുരത്തു മൂന്നും കൊച്ചിയില്‍ രണ്ടും പാക്കേജുകള്‍ നടപ്പാക്കും. പദ്ധതിയുടെ തുടര്‍ച്ചയെന്നോണം ഭാവിയില്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 15നു രാവിലെ 10.30നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ ബസ്സുകള്‍ ഫഌഗ്ഓഫ് ചെയ്യും. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് തിരുവനന്തപുരം ടൂറുള്ളത്. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കന്യാകുമാരി ട്രിപ്പുണ്ടാവും. ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ക്കു വേണ്ടിയാണ് റിഫ്രഷിങ് പൊന്‍മുടി. ശനിയാഴ്ച ഉച്ചയ്ക്ക് ടെക്‌നോപാര്‍ക്ക് കാംപസില്‍ നിന്നു ബസ് പുറപ്പെടും. കല്ലാര്‍ വഴി പൊന്‍മുടിയിലെത്തി അവിടെ കെടിഡിസിയുടെ ഗോള്‍ഡന്‍ പീക്ക് ഹോട്ടലില്‍ താമസിച്ച് തിരികെ നെയ്യാര്‍ വഴി ടെക്‌നോപാര്‍ക്കിലെത്തും. കൊച്ചിയിലെ പാക്കേജ് ബോള്‍ഗാട്ടി പാലസില്‍ തുടങ്ങി മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ ഹില്‍പാലസ് തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതാണ്. തിങ്കള്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ കൊച്ചി സ്‌പ്ലെന്‍ഡിഡ് യാത്രയുണ്ടാവും. തിങ്കളാഴ്ച മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവയ്‌ക്കൊപ്പം ചേറായി ബീച്ച് സന്ദര്‍ശനം ഉള്‍പ്പെടുത്തിയാവും അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍. 24 സീറ്റുള്ള എസി ലക്ഷ്വറി ബസ്സുകളാണ് ടൂറുകള്‍ക്ക് സജ്ജമാക്കിയിട്ടുള്ളത്. മൂന്നു ബസ്സുകള്‍ക്കായി 1.35 കോടി രൂപ ചെലവായതായി കെടിഡിസി എംഡി ആര്‍ രാഹുല്‍ അറിയിച്ചു. ഉദ്ഘാടനത്തിനു ശേഷം രണ്ടാഴ്ചയ്ക്കകം ടൂര്‍ പാക്കേജ് പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കും. ടൂറിസ്റ്റുകളുടെ സഹായത്തിനായി എല്ലാ ബസ്സിലും ഗൈഡുമാര്‍ ഉണ്ടാവും. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ സംബന്ധിച്ച് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വിവരണം ബസ്സിനുള്ളില്‍ ലഭിക്കും. ഇത് ആവശ്യാനുസരണം ഹെഡ്‌ഫോ ണ്‍ വഴി കേള്‍ക്കാം. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പാക്കേജാണ് നടപ്പാക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it