kozhikode local

സച്ചിദാനന്ദന്റെ വീട്ടിലേക്ക് വാഹനം പാഞ്ഞുകയറുന്നത് രണ്ടാം തവണ

കോഴിക്കോട്: ഇന്നലെ പയ്യന്നൂരില്‍ നിന്നും വിദ്യാര്‍ഥികളുമായി വിനോദയാത്ര വന്ന ബസ് ഇടിച്ച് കയറിയ പുതിയാപ്പ തെക്കേത്തൊടി പടിഞ്ഞാറെകണ്ടി സച്ചിദാനന്ദന്റെ വീട്ടിലേക്ക് വാഹനം പാഞ്ഞുകയറുന്നത് ഇത് രണ്ടാം തവണ. രണ്ട് വര്‍ഷം മുമ്പ് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എടുത്തെറിഞ്ഞ പോലെ സച്ചിദാനന്ദന്റെ വീട്ടു മുറ്റത്ത് പതിക്കുകയായിരുന്നു. എന്നാല്‍ അന്ന് വീടിന് നാശനഷ്ടമൊന്നും പറ്റിയില്ല. ഇന്നലത്തെ അപകടം വീട് ഭാഗികമായി തകര്‍ത്തു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് നല്ല വേഗതയിലായിരുന്നുവെന്ന് ബസ്സിന്റെയും വീടിന്റെയും അവസ്ഥയില്‍ നിന്ന് വ്യക്തമാണ്. വണ്‍വേയായ ബീച്ച് റോഡില്‍ നഗരത്തിന്റെ തിരക്ക് വിട്ട് പുതിയാപ്പ ഭാഗത്ത് എത്തുമ്പോഴേക്കും വാഹനങ്ങള്‍ സാമാന്യം വേഗതയാര്‍ജിക്കും. അപകടമുണ്ടായ പുതിയങ്ങാടിനഗര്‍ എടക്കല്‍താഴത്ത് ചെറിയ തോതില്‍ റോഡിന് വളവുണ്ട്. റോഡരികിലെ കാല്‍മീറ്റര്‍ ഉയരത്തിലുള്ള ഓവുചാല്‍ സ്ലാബും കടന്നുകയറി താഴെയുള്ള പറമ്പിലേക്ക് ബസ് പതിക്കണമെങ്കില്‍ ബസ് അമിതവേഗതയിലായിരുന്നിരിക്കണം. വീടിന്റെ ചുവരും വലിയ ജനലും തകര്‍ത്ത് സണ്‍സൈഡില്‍ ഇടിച്ച് നില്‍ക്കുകയാണ് ബസ്. വീട്ടുകാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത്് ഭാഗ്യം കൊണ്ടാണ്. ഇടിയുടെ ആഘാതത്തില്‍ ചുമരില്‍ നിന്ന് തെറിച്ച് വീണ വെട്ട്കല്ലുകള്‍ അകത്തെ കട്ടിലില്‍ വരെ എത്തിയിട്ടുണ്ട്. സണ്‍സൈഡ് ചുവരില്‍ നിന്ന് വേറിട്ടിട്ടുണ്ട്. ബസ് സ്ഥലത്ത് നിന്ന് മാറ്റിയാല്‍ വീടിന്റെ ഒരു വശം താഴെ വീഴുന്ന അവസ്ഥയിലാണ്. വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കും ബസ് കയറി നിശേഷം തകര്‍ന്നു.
Next Story

RELATED STORIES

Share it