സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം: 62ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്നു തലസ്ഥാനത്ത് തുടക്കം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയമാണ് മുഖ്യവേദി. കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചെലവു ചുരുക്കിയാണ് കായികമേള സംഘടിപ്പിക്കുന്നത്.
1700ഓളം മല്‍സരാര്‍ഥികളാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. ഇന്നു രാവിലെ 7ന് മല്‍സരങ്ങള്‍ ആരംഭിക്കും. 31 ഫൈനലുകള്‍ ഇന്നു നടക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്കു മാത്രമേ ഇത്തവണ സംസ്ഥാനതലത്തില്‍ പങ്കെടുക്കാനാവൂ. അതിനാല്‍ സംസ്ഥാനതല കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. മൂന്നാംസ്ഥാനക്കാരെ ഒഴിവാക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും ഗ്രേസ് മാര്‍ക്ക് നഷ്ടമാവും. ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍, ദീപശിഖാ പ്രയാണം, മാര്‍ച്ച് പാസ്റ്റ് എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മികച്ച സ്‌കൂളുകള്‍ക്കുള്ള കാഷ് അവാര്‍ഡ്, പ്രൈസ് മണി, മെഡലുകള്‍, ട്രോഫികള്‍ എന്നിവ ഈ വര്‍ഷം ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങള്‍, മെറിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും. നാലു ദിവസങ്ങളിലായി നടന്നിരുന്ന മല്‍സരങ്ങള്‍ മൂന്ന് ദിവസമായാണ് ഈ വര്‍ഷം നടത്തുന്നത്.

Next Story

RELATED STORIES

Share it