സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം

കോട്ടയം: 23ാമത് സംസ്ഥാന സിബിഎസ്ഇ സ്‌കൂള്‍ കായികമേളയ്ക്ക് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ ഗുരുകുലം പബ്ലിക് സ്‌കൂളാണ് ഈ വര്‍ഷം മേളയുടെ സംഘാടകര്‍. 250 സ്‌കൂളുകളില്‍നിന്നായി 2,800 കുട്ടികളാണ് കായികമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തിച്ചേര്‍ന്നത്. കെ എം മാണി എംഎല്‍എ കായികമേള ഉദ്ഘാടനം ചെയ്തു. ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര അധ്യക്ഷത വഹിച്ചു. മുന്‍ ഇന്ത്യന്‍ ഒളിംപിക് ഷൂട്ടിങ് കോച്ച് ദ്രോണാചാര്യ പ്രഫ. സണ്ണി തോമസ് മുഖ്യപ്രഭാഷണം നടത്തി. കേരളാ സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍ കായികതാരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ അടങ്ങുന്ന ക്ലസ്റ്റര്‍ 10, എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ ഉള്‍പ്പടുത്തിയുള്ള ക്ലസ്റ്റര്‍ 11 വിഭാഗങ്ങളിലുമായാണ് മല്‍സരങ്ങള്‍ നടക്കുക. 66 ഇനങ്ങള്‍ വീതം രണ്ട് ക്ലസ്റ്ററുകളിലായി 132 ഇനങ്ങളില്‍ ഫൈന ല്‍ നടക്കും. 14 വയസ്സില്‍ താഴെ, 17 വയസ്സില്‍ താഴെ, 19 വയസ്സില്‍ താഴെ എന്നീ വിഭാഗങ്ങളില്‍ ആണ്‍, പെണ്‍ വിഭാഗങ്ങളില്‍ ഇന്നുമുതല്‍ മല്‍സരങ്ങള്‍ നടക്കും. രണ്ടാംദിനമായ ഇന്ന് 46 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. നാലുദിവസം നീണ്ടുനില്‍ക്കുന്ന മേള 9ന് സമാപിക്കും. സമാപന സമ്മേളനം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കായികമേളയി ല്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് നവംബര്‍ 12 മുതല്‍ 16 വരെ കര്‍ണാടകയിലെ ദാവങ്കര പിഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കുന്ന നാഷനല്‍ സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

Next Story

RELATED STORIES

Share it